തലയ്ക്കു മീതെ ജല ബോംബ്!!... മുല്ലപ്പെരിയാര്‍ അണക്കെട്ട് അതീവ അപകടാവസ്ഥയിലെന്ന് യു.എന്‍ റിപ്പോര്‍ട്ട്

 തലയ്ക്കു മീതെ ജല ബോംബ്!!... മുല്ലപ്പെരിയാര്‍ അണക്കെട്ട് അതീവ  അപകടാവസ്ഥയിലെന്ന് യു.എന്‍ റിപ്പോര്‍ട്ട്

50 വര്‍ഷത്തെ കാലാവധി മുന്നില്‍ക്കണ്ട് നിര്‍മിച്ച അണക്കെട്ട് ഇപ്പോള്‍ 125 വര്‍ഷം പിന്നിട്ടു. ഇത് ഭൂകമ്പ ബാധിത മേഖലയിലാണെന്നത് ആശങ്ക ഇരട്ടിയാക്കുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന ഭൂചലനങ്ങള്‍ ഡാമില്‍ വിള്ളലുകള്‍ക്കു കാരണമായിട്ടുണ്ട്. ആ ചോര്‍ച്ചയിലൂടെയുള്ള ജലത്തിന്റെ ഒഴുക്കും കൂടുതലാണ്. വലിയ കോണ്‍ക്രീറ്റ് ഡാമുകള്‍ക്ക് 50 വര്‍ഷമാണ് ആയുസ് കല്‍പ്പിക്കുന്നത്. ഇന്ത്യയില്‍ 2025 ആകുമ്പോള്‍ 1,115 ലധികം ഡാമുകള്‍ 50 വര്‍ഷം പിന്നിടും. 2050ല്‍ അത് 4250 ആകും. അതേസമയം 64 വലിയ ഡാമുകളുടെ പഴക്കം 150 വര്‍ഷം പിന്നിടും. ഇവ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും യു.എന്‍ സര്‍വകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ട് അതീവ അപകടാവസ്ഥയിലെന്ന് യു.എന്‍ റിപ്പോര്‍ട്ട്. ഇടുക്കി ജില്ലയില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഡാം തകരുകയാണെങ്കില്‍ കേരളത്തിലെ 35 ലക്ഷത്തോളം ആളുകളെ ബാധിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

ലോകത്ത് ഇന്നു നിലവിലില്ലാത്ത നിര്‍മാണ രീതിയാണു മുല്ലപ്പെരിയാറില്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 50 വര്‍ഷത്തെ കാലാവധി മുന്നില്‍ക്കണ്ട് നിര്‍മിച്ച അണക്കെട്ട് ഇപ്പോള്‍ 125 വര്‍ഷം പിന്നിട്ടു. ഇത് ഭൂകമ്പ ബാധിത മേഖലയിലാണെന്നത് ആശങ്ക ഇരട്ടിയാക്കുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന ഭൂചലനങ്ങള്‍ ഡാമില്‍ വിള്ളലുകള്‍ക്കു കാരണമായിട്ടുണ്ട്. ആ ചോര്‍ച്ചയിലൂടെയുള്ള ജലത്തിന്റെ ഒഴുക്കും കൂടുതലാണ്.

കാലഹരണപ്പെട്ട നിര്‍മാണരീതി കണക്കിലെടുത്ത് ഡാമിന്റെ ഡീകമ്മീഷന്‍ പരിഗണിച്ചിരുന്നു. തമിഴ്നാടും കേരളവും തമ്മിലുള്ള നിയമതര്‍ക്കം മൂലം അതു നടന്നില്ല. പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യത്തെ എതിര്‍ത്ത തമിഴ്നാടിന്റെ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വലിയ കോണ്‍ക്രീറ്റ് ഡാമുകള്‍ക്ക് 50 വര്‍ഷമാണ് ആയുസ് കല്‍പ്പിക്കുന്നത്. ഇന്ത്യയില്‍ 2025 ആകുമ്പോള്‍ 1,115 ലധികം ഡാമുകള്‍ 50 വര്‍ഷം പിന്നിടും. 2050ല്‍ അത് 4250 ആകും. അതേസമയം 64 വലിയ ഡാമുകളുടെ പഴക്കം 150 വര്‍ഷം പിന്നിടും. ഇവ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും യു.എന്‍ സര്‍വകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കാലപ്പഴക്കമേറിയ ജലസംഭരണ സംവിധാനങ്ങള്‍ രാജ്യാന്തരതലത്തില്‍ ത്തന്നെ സങ്കീര്‍ണമായ പ്രശ്നമാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയില്‍ നിര്‍മിച്ചതും 50 വര്‍ഷത്തിലെത്തുന്നതുമായ ആയിരക്കണക്കിന് വലിയ അണക്കെട്ടുകള്‍ ലോകമെമ്പാടുമായുണ്ട്. അവ മനുഷ്യസുരക്ഷയ്ക്കും പരിസ്ഥിതിക്കും ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല. ഇവയുടെ പരിപാലനച്ചെലവും ഭീമമാണ്. ഇതു മറികടക്കാന്‍ ഡാമുകള്‍ ഡീകമ്മീഷന്‍ ചെയ്യുന്നതടക്കം പരിഗണിക്കണമെന്നാണു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഇന്ത്യയെ കൂടാതെ ചൈന, അമേരിക്ക, ആഫ്രിക്ക, ഓസ്ട്രേലിയ, ഫ്രാന്‍സ്, കാനഡ, ജപ്പാന്‍, സാംബിയ, സിംബാബ്വെ ഉള്‍പ്പെടെ രാജ്യങ്ങളിലെ ഡാമുകളുടെ വിലയിരുത്തലകളും റിപ്പോര്‍ട്ടിലുണ്ട്. ലോകത്തിലെ മൊത്തം ഡാമുകളുടെ 55 ശതമാനം അതായത് 32,716 ഡാമുകള്‍ ചൈന, ഇന്ത്യ, ജപ്പാന്‍, സൗത്ത് കൊറിയ ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലാണുള്ളത്. അവയില്‍ ഏറെയും 50 വര്‍ഷമെന്ന കാലാവധിയോട് അടുക്കുകയാണ്. ആഫ്രിക്ക, ദക്ഷിണ അമേരിക്ക, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.