നേപ്പാളില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് ബസുകള്‍ നദിയിലേക്ക് ഒലിച്ചു പോയി; ഏഴ് ഇന്ത്യാക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍, 63 പേരെ കാണാതായി

നേപ്പാളില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് ബസുകള്‍ നദിയിലേക്ക് ഒലിച്ചു പോയി; ഏഴ് ഇന്ത്യാക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍, 63 പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയ്ക്കിടെ ദേശീയപാതയില്‍ ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് രണ്ട് ബസുകള്‍ നദിയില്‍ പതിച്ച് വന്‍ ദുരന്തം. ടൂറിസ്റ്റ് ബസുകള്‍ നദിയില്‍ പതിച്ചുണ്ടായ അപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. ബസിലുണ്ടായിരുന്ന 63 പേരും നദിയില്‍ ഒലിച്ചുപോയെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ച ഇന്ത്യക്കാര്‍ ബിര്‍ഗഞ്ചില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ സെന്‍ട്രല്‍ നേപ്പാളിലെ മദാന്‍-അശ്രിത് ദേശീയപാതയിലാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട ബസില്‍ നിന്ന് മൂന്ന് യാത്രക്കാര്‍ ചാടി രക്ഷപ്പെട്ടു. നേപ്പാള്‍ പൊലീസിന്റെ നേതൃത്വത്തില്‍ കാണാതായവര്‍ക്കായി ത്രിശൂലി നദിയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കനത്ത മഴയായിരുന്നതിനാല്‍ നദിയില്‍ നല്ല ഒഴുക്കുമുണ്ട്.

കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന ഏയ്ഞ്ചല്‍ ബസും കാഠ്മണ്ഡുവില്‍ നിന്ന് ഗൗറിലേക്ക് വരികയായിരുന്ന ഗണപതി ഡീലക്‌സ് ബസുമാണ് അപകടത്തില്‍പ്പെട്ടത്. എയ്ഞ്ചല്‍ ബസില്‍ 24 യാത്രക്കാരും ഗണപതി ഡീലക്‌സ് ബസില്‍ 41 യാത്രക്കാരും ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തില്‍പ്പെട്ട ഗണപതി ബസിലെ മൂന്നു യാത്രക്കാരാണ് ചാടി രക്ഷപ്പെട്ടത്. ഈ മൂന്ന് പേരാണ് അധികൃതരെ അപകട വിവരമറിയിച്ചത്. ദുരന്തത്തെ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ അനുശോചിച്ചു.

രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനും കാണാതായ യാത്രക്കാരെ എത്രയുംവേഗം കണ്ടെത്താനും അദ്ദേഹം നിര്‍ദേശം നല്‍കി.

ഹിമാലയന്‍ രാജ്യമായ നേപ്പാളില്‍ തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും നിരവധി റോഡുകളിലും ഹൈവേകളിലും ഗതാഗതം നിരോധിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കാഠ്മണ്ഡു-ചിത്വാനിലെ ഭരത്പൂരിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.