'കോണ്‍ഗ്രസ് പോരാടുന്നത് നീതിക്ക് വേണ്ടി'; നീറ്റ് വിവാദത്തില്‍ സ്റ്റാലിന് കത്തയച്ച് രാഹുല്‍ ഗാന്ധി

'കോണ്‍ഗ്രസ് പോരാടുന്നത് നീതിക്ക് വേണ്ടി'; നീറ്റ് വിവാദത്തില്‍ സ്റ്റാലിന് കത്തയച്ച് രാഹുല്‍ ഗാന്ധി

ചെന്നൈ: നീറ്റ് പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് നീതി ലഭിക്കാന്‍ തങ്ങള്‍ പോരാടുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനോട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കത്തിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. തമിഴ്നാട് സര്‍ക്കാര്‍ തന്നെയാണ് രാഹുല്‍ ഗാന്ധി സ്റ്റാലിന് കത്തയച്ച വിവരം അറിയിച്ചത്.
നീറ്റ് സംബന്ധിച്ച് ഇക്കഴിഞ്ഞ ജൂണ്‍ 28 ന് സ്റ്റാലിന്‍ രാഹുലിന് കത്തയച്ചിരുന്നു. ഈ കത്തിന് നന്ദി അറിയിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് നേതാവ് സ്റ്റാലിന് മറുപടി

എഴുതിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര ഗവണ്‍മെന്റിന്റെയും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെയും 'വലിയ പരാജയം' ബാധിച്ച ആയിരക്കണക്കിന് വിദ്യാര്‍ഥികളെ കഴിഞ്ഞ ഒരു മാസത്തിനിടെ താന്‍ കണ്ടുമുട്ടിയതായി കത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇരുപത്തിനാല് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് എത്രയും പെട്ടെന്ന് നീതി ലഭിക്കണമെന്നും അദേഹം പറഞ്ഞു. 2024 ജൂണ്‍ നാലിനാണ് നീറ്റ്-യുജി ഫലം പ്രഖ്യാപിച്ചത്. പിന്നാലെ പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സംബന്ധിച്ച വാര്‍ത്തകളും പുറത്തുവരികയായിരുന്നു.

വിദ്യാര്‍ഥികളുടെ നീതിക്കായി കോണ്‍ഗ്രസ് പാര്‍ട്ടി പോരാടുകയാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ ഘടനയിലെ പ്രത്യക്ഷമായ പോരായ്മകള്‍ നീറ്റ് തുറന്നുകാട്ടിയെന്നും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് പറഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ ഇത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദരിദ്രരായ വിദ്യാര്‍ഥികള്‍ക്ക് കോച്ചിങ് സെന്ററുകളില്‍ പോകാന്‍ കഴിയാത്തതും മത്സരിക്കാനുള്ള അവസരമില്ലാത്തതുമായ ദുരവസ്ഥ അടിവരയിടുന്ന, നീറ്റിനെ കുറിച്ച് അടുത്തിടെ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം രാഹുല്‍ ഗാന്ധി തന്റെ കത്തില്‍ പരാമര്‍ശിച്ചതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. 'നികുതി പണം തീര്‍ന്നുപോയ, സംസ്ഥാന ഭരണത്തിലുള്ള മെഡിക്കല്‍ കോളജുകളില്‍ ചില പ്രത്യേകാവകാശമുള്ളവര്‍ക്ക് മാത്രം അവസരം ലഭിക്കുന്നത് തടയുന്നതിനുള്ള പങ്കിട്ട ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്നും അദേഹം പറഞ്ഞു.

ശക്തമായ പൊതുമേഖല മെഡിക്കല്‍ വിദ്യാഭ്യാസ-അടിസ്ഥാന സൗകര്യങ്ങളുടെ മുന്‍നിര സംസ്ഥാനമായി മാറാന്‍ കഴിഞ്ഞതില്‍ തമിഴ്നാടിനെ രാഹുല്‍ ഗാന്ധി പ്രശംസിച്ചു. സംസ്ഥാനത്തിന് ശക്തമായ പൊതുജനാരോഗ്യ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉണ്ടെന്നും അതിനെ ദുര്‍ബലപ്പെടുത്താനുള്ള ഏത് ശ്രമവും ചെറുക്കണമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

അതേസമയം നീറ്റ് സംബന്ധിച്ച ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി, നീറ്റ് നിര്‍ത്തലാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ നിയമസഭകളില്‍ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി, പഞ്ചാബ്, പശ്ചിമ ബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ജൂണ്‍ 28 ന് സ്റ്റാലിന്‍ കത്തയച്ചിരുന്നു. നീറ്റില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസാക്കിയതിന് പിന്നാലെ ആയിരുന്നു ഇത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.