ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് വന്‍ ദുരന്തം; നിരവധി വീടുകള്‍ ഒഴുകിപ്പാേയി: 150 തൊഴിലാളികളെ കാണാനില്ല

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് വന്‍ ദുരന്തം; നിരവധി വീടുകള്‍ ഒഴുകിപ്പാേയി: 150 തൊഴിലാളികളെ കാണാനില്ല

ഡെറാഡൂണ്‍:ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞ് വന്‍ അപകടം. പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ജോഷിമഠിന് സമീപത്ത് ഇന്ന് രാവിലെയോടെയാണ് പടുകൂറ്റന്‍ മഞ്ഞുമല ഇടിഞ്ഞുവീണത്. കുത്തിയാെഴുകിയെത്തിയ വെളളത്തില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി,150 തൊഴിലാളികളെ കാണാനില്ല എന്നാണ് പ്രാഥമിക വിവരം.

മിന്നല്‍ പ്രളയത്തിന് സാധ്യതയുള്ളതിനെ തുടര്‍ന്ന് മേഖലയില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ജോഷിമഠ്. ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയിലേക്ക് പോകാന്‍ ഉപയോഗിക്കുന്ന ജോഷിമഠ്-മലാരി പാലം ഒലിച്ചുപോയി. ദൗലി ഗംഗാ നന്ദി ഉൾപ്പെടെയുള്ള പല നദികളും കരകവിഞ്ഞ് ഒഴുകുകയാണ്.

ദേശീയ ദുരന്തനിവാരണസേന സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇവിടെ നിരവധിപേര്‍ കുടുങ്ങിക്കിടക്കുകയാണ്. മലകളും കയറ്റങ്ങളും നിറഞ്ഞ പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം തീര്‍ത്തും ദുഷ്കരമാണ്. പ്രദേശത്ത് കനത്ത മഴപെയ്യുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

ദുരന്തനിവാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉത്തരാഖണ്ഡ് സര്‍ക്കാരുമായി ബന്ധപ്പെട്ടു. ഇന്തോ ടിബറ്റല്‍ അതിര്‍ത്തി പോലീസിനെ മേഖലയിലേക്ക് അയച്ചു. 200 ഇന്തോ- ടിബറ്റൻ അതിർത്തി പോലീസിനെയാണ് ദുരന്ത മേഖലയിലേക്ക് അയച്ചത്. കൂടുതല്‍ സൈനികരെ മേഖലയിലേക്ക് അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങി.

മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനോട് ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി സ്ഥിതി നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യ ഉത്തരാഖണ്ഡിനൊപ്പമുണ്ടെന്നും രാജ്യം മുഴുവൻ പ്രാർഥനയിലാണെന്നും അറിയിച്ചു. അസം, ബംഗാൾ സന്ദർശനത്തിലാണ് പ്രധാനമന്ത്രി.

കരസേനയും വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തെത്തി. വ്യോമസേനയുടെ എഎന്‍32, സി130 വിമാനങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. ഡെറാഡൂണ്‍ വിമാനത്താവളം കേന്ദ്രീകരിച്ചാവും പ്രവര്‍ത്തനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.