മില്‍വാക്കി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കു നേരെയുണ്ടായ വധശ്രമത്തില്‍ പ്രതികരണവുമായി യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദൈവത്തിന്റെ ഇടപെടലാണ് തന്റെ ജീവന്‍ തിരിച്ചുനല്‍കിയതെന്ന് മില്‍വാക്കിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. തനിക്കു നേരെയുണ്ടായ ആക്രമണത്തിനു ശേഷം അമേരിക്കക്കാര്‍ നല്‍കിയ പിന്തുണയ്ക്കും സ്നേഹത്തിനും അദ്ദേഹം നന്ദി പറഞ്ഞു.
'അക്രമിയുടെ വെടിയുണ്ട ഒരിഞ്ചിന്റെ നാലിലൊന്ന് മാറിയിരുന്നെങ്കില്‍ എന്റെ ജീവനെടുക്കുമായിരുന്നു. ഇതിനെക്കുറിച്ച് സംസാരിക്കുന്നത് വളരെയധികം വേദനാജനകമാണ്. അവസാന നിമിഷം ഞാന്‍ തല വെട്ടിച്ചില്ലായിരുന്നുവെങ്കില്‍ വെടിയുണ്ട തീര്‍ച്ചയായും തലയില്‍ കൊള്ളുമായിരുന്നു. അങ്ങനെയെങ്കില്‍ ഈ രാത്രി ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകുമായിരുന്നില്ല. ദൈവത്തിന്റെ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ച് ഇത് വിലമതിക്കാനാകാത്ത നിമിഷമാണ്. ഭൂമിയില്‍ നമുക്കുള്ള ഓരോ നിമിഷവും ദൈവത്തിന്റെ സമ്മാനമാണ്'.
ആക്രമിക്കപ്പെടുകയാണെന്നും വെടിയുണ്ട ഏറ്റതായും ഞാന്‍ മനസിലാക്കി. എന്നാല്‍, ഞാന്‍ സുരക്ഷിതനാണെന്ന് എനിക്കുറപ്പുണ്ടായിരുന്നു. കാരണം, ദൈവം എന്നോടൊപ്പമുണ്ട്. വെടിയുണ്ടകള്‍ പാഞ്ഞുവരുമ്പോഴും ഞാന്‍ ശാന്തനായിരുന്നു. ജനങ്ങള്‍ എന്നെ സ്നേഹിക്കുന്നു, അതുകൊണ്ട് അവരാരും ഭയപ്പെട്ട് ഓടിയില്ല. എന്റെ ലക്ഷ്യങ്ങളില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ഒന്നിനും സാധ്യമല്ല' - ട്രംപ് പറഞ്ഞു.
'നാല് മാസങ്ങള്‍ക്കുള്ളില്‍ അവിശ്വസനീയമായ വിജയം നേടാന്‍ നമുക്ക് കഴിയും. പകുതി അമേരിക്കയുടേയതല്ല, മുഴുവന്‍ അമേരിക്കയുടെയും പ്രസിഡന്റ് ആകാനാണ് ഞാന്‍ ഇപ്പോള്‍ എല്ലായിടത്തേക്കും ഓടി എത്തിക്കൊണ്ടിരിക്കുന്നത്. അതില്‍ വിജയിക്കുമെന്നതില്‍ തര്‍ക്കമില്ലെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം പെന്‍സില്‍വാനിയയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടയാള്‍ക്കും പരിക്കേറ്റവര്‍ക്കും വേണ്ടി തന്റെ അനുയായികള്‍ 6.3 മില്യണ്‍ യുഎസ് ഡോളര്‍ സമാഹരിച്ചതായും ട്രംപ് അറിയിച്ചു.
90 മിനിറ്റ് നീണ്ട ട്രംപിന്റെ പ്രസംഗത്തില്‍ അനുയായികള്‍ എഴുന്നേറ്റ് നിന്ന് ആര്‍ത്തുവിളിച്ചു. വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ട്രംപിന് അനുയായികള്‍ വിജയാശംസകള്‍ നേര്‍ന്നു. നാല് ദിവസത്തെ റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ തിങ്കളാഴ്ചയാണ് ആരംഭിച്ചത്.
ഇക്കഴിഞ്ഞ ദിവസമാണ് പെന്‍സില്‍വാലിയയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് നേരെ വധശ്രമമുണ്ടായത്. വെടിവയ്പ്പില്‍ ട്രംപിന്റെ വലതു ചെവിയ്ക്ക് പരിക്കേറ്റിരുന്നു. വലതു ചെവിയുടെ മുകള്‍ ഭാഗത്തായാണ് വെടിയേറ്റത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.