ന്യൂഡല്‍ഹി: ബംഗ്ലാദേശി പൗരന്മാരുടെ വൃക്ക ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ കടത്തി ആവശ്യക്കാര്‍ക്ക് വന്‍വിലയ്ക്ക് വില്‍ക്കുന്ന സംഘത്തെ പിടികൂടി ഡല്‍ഹി പൊലീസ്. ബംഗ്ലാദേശി പൗരന്മാരുള്‍പ്പെടെ ഏഴ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഡല്‍ഹി, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് ഗുജറാത്ത് എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടങ്ങളില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് പ്രതികളെ പിടികൂടാനായത്. ഇവരില്‍ മൂന്ന് പേര്‍ ബംഗ്ലാദേശി പൗരന്മാരാണ്. ഒന്നിലധികം സെല്‍ഫോണുകള്‍, ലാപ്‌ടോപ്പ്, സിം കാര്‍ഡുകള്‍, പണം, സംശയാസ്പദമായ രേഖകള്‍ മുതലായവ പൊലീസ് റെയ്ഡില്‍ പിടിച്ചെടുത്തു.
ദരിദ്രരായ ബംഗ്ലാദേശ് പൗരന്മാരെ ചൂഷണം ചെയ്താണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. നാല് മുതല്‍ അഞ്ച് ലക്ഷം രൂപവരെ നല്‍കിയാണ് സംഘം ഇവരെ വൃക്ക ദാനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ചിലരെ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയും വഞ്ചിച്ചു. അവയവങ്ങള്‍ സ്വീകരിക്കുന്നവരുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ വ്യാജ രേഖകളും സംഘം നിര്‍മ്മിച്ചിരുന്നു. ഇത്തരത്തില്‍ കടത്തുന്ന വൃക്കകള്‍ 20 മുതല്‍ 30 ലക്ഷം രൂപയ്ക്കാണ് ആവശ്യക്കാര്‍ക്ക് വിറ്റിരുന്നത്.
കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ.വിജയ കുമാരിയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ നോയിഡയിലെ ആശുപത്രിയില്‍ 15 ല്‍ അധികം നിയമ വിരുദ്ധ ശസ്ത്രക്രിയകള്‍ നടത്തിയതായാണ് വിവരം. ഓരോ ശസ്ത്രക്രിയയ്ക്കും രണ്ട് ലക്ഷം രൂപ വീതം ലഭിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.