ജോയിയുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ കൈമാറി; അമ്മയുടെ ചികിത്സാ ചെലവ് കോണ്‍ഗ്രസ് ഏറ്റെടുക്കും

ജോയിയുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ കൈമാറി; അമ്മയുടെ ചികിത്സാ ചെലവ് കോണ്‍ഗ്രസ് ഏറ്റെടുക്കും

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലെ ശുചീകരണ പ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട തൊഴിലാളി ജോയിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച 10 ലക്ഷം രൂപ സര്‍ക്കാര്‍ കൈമാറി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയാണ് ജോയിയുടെ അമ്മയ്ക്ക് തുക നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് ധനസഹായം അനുവദിച്ചത്.

എംഎല്‍എമാരായ വി. ജോയി, സി.കെ ഹരീന്ദ്രന്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവര്‍ക്കൊപ്പമെത്തിയാണ് മന്ത്രി തുക കൈമാറിയത്.
ജോയിയുടെ കുടുംബത്തിന് വീട് വച്ച് നല്‍കാന്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ഒരു കോടി രൂപ ജോയിയുടെ അമ്മയ്ക്ക് നല്‍കണമെന്ന് റെയില്‍വേയോട് ആവശ്യപ്പെടാനും തീരുമാനമായി. അതിനിടെ ജോയിയുടെ അമ്മയുടെ ചികിത്സാ ചിലവ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.

ജോയിയുടെ മരണത്തോടെ അമ്മ ഒറ്റയ്ക്കായി. അമ്മയ്ക്ക് താമസിക്കാന്‍ വീട് പോലും ഇല്ലാത്ത അവസ്ഥയാണ്. സ്ഥലം കണ്ടെത്തി വീട് നിര്‍മ്മിച്ച് നല്‍കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം എത്രയും വേഗം നടപ്പാക്കണം. അമ്മയുടെ ചികിത്സാ ചെലവുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. എല്ലാവരും ചേര്‍ന്ന് ആ കുടുംബത്തെ സഹായിക്കണം. മാലിന്യം നീക്കം ചെയ്യുന്നതിനിടെ മരിക്കുന്നവര്‍ക്ക് 30 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധിയുണ്ട്. ഈ വിധി അനുസരിച്ചുള്ള തുക കൂടി ജോയിയുടെ കുടുംബത്തിന് നല്‍കണം. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടും. നഷ്ടപരിഹാരം നല്‍കാന്‍ എം.പി മുഖേന റെയില്‍വേയോടും ആവശ്യപ്പെടും. വി.ഡി സതീശന്‍ കുറിപ്പില്‍ വ്യക്തമാക്കി.

തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ കനത്ത മഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ കാണാതാവുകയായിരുന്നു. 48 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ തകരപ്പറമ്പ് വഞ്ചിയൂര്‍ റോഡിലെ കനാലില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.