കോഴിക്കോട് ചികിത്സയിലുള്ള കുട്ടിക്ക് നിപ സ്ഥിരീകരിച്ചു; പൂനെ വൈറോളജി ലാബിലെ പരിശോധനാ ഫലവും പോസിറ്റീവെന്ന് മന്ത്രി വീണാ ജോര്‍ജ്‌

കോഴിക്കോട് ചികിത്സയിലുള്ള കുട്ടിക്ക്  നിപ സ്ഥിരീകരിച്ചു; പൂനെ വൈറോളജി ലാബിലെ പരിശോധനാ ഫലവും പോസിറ്റീവെന്ന് മന്ത്രി വീണാ ജോര്‍ജ്‌

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിക്ക് നിപ സ്ഥിരീകരിച്ചു.  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും നടത്തിയ പരിശോധനാ ഫലങ്ങള്‍ പോസിറ്റീവായിരുന്നു. ഇതിന് പുറമേ പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിള്‍ പരിശോധനയിലും രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

മലപ്പുറം ചെമ്പ്രശേരി പാണ്ടിക്കാട് സ്വദേശിയായ പതിനഞ്ചുകാരനാണ് ചികിത്സയിലുള്ളത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

നിപയാണെന്ന  പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ടതായ എല്ലാ നടപടി ക്രമങ്ങളും എടുത്തിട്ടുണ്ട്. നിപയ്ക്കുള്ള മരുന്നായ മോണോ ക്ലോണോ ആന്റിബോഡി പൂനെയില്‍ നിന്ന് നാളെ എത്തിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

നിപ സ്ഥിരീകരിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ഇതിനായി മുപ്പത് റൂമുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ആശുപത്രിയുടെ മറ്റ് പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ഐസൊലേഷനിലാക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നതായും മന്ത്രി പറഞ്ഞു.

ഭയം വേണ്ടെന്നും ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു. എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. എല്ലാവരും മാസ്‌ക് ധരിക്കണം. രോഗം സ്ഥിരീകരിച്ച കുട്ടിയുടെ നില ഗുരുതരമാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. കുട്ടിയുമായി സമ്പര്‍ക്കമുള്ള ഒരാള്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. അയാള്‍ നിരീക്ഷണത്തിലാണ്. വൈറല്‍ പനിയാണെങ്കിലും സ്രവം ശേഖരിച്ചതായി മന്ത്രി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.