ഷിരൂര്‍(കര്‍ണാടക): ഉത്തര കന്നഡയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്തുന്നതിന് തിരച്ചിലിനായി ബംഗളൂരുവില്‍ നിന്ന് ഡീപ് സെര്‍ച്ച് ഡിറ്റക്ടര്‍ സ്ഥലത്തെത്തിച്ചു. എട്ട് മീറ്റര്‍ ആഴത്തില്‍ വരെ തിരച്ചില്‍ നടത്താന്‍ സഹായിക്കുന്ന ഉപകരണമാണിത്.
ഇന്ന് രാവിലെ മുതല്‍ കരയിലും ഗംഗാവാലി പുഴയിലുമായാണ് തിരച്ചില്‍ നടക്കുന്നത്. നിലവില്‍ സ്ഥലത്തെ റോഡിന് മുകളിലെ മണ്ണ് ഏറെക്കുറെ നീക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് സമീപത്തെ മണ്‍കൂനകളിലും മണ്ണിടിച്ചിലിനെ തുടര്‍ന്ന് പുഴയില്‍ രൂപപ്പെട്ട മണ്‍കൂനയിലുമായി പരിശോധന തുടരുന്നത്. തിരച്ചിലിനായി സൈന്യത്തിന്റെ കൂടുതല്‍ സംവിധാനങ്ങളും സ്ഥലത്തെത്തിച്ചേക്കും.
കര, നാവിക സേനകളും എന്‍.ഡി.ആര്‍.എഫ്, അഗ്‌നിരക്ഷാ സേന, പൊലീസ് തുടങ്ങിയവരും സന്നദ്ധ പ്രവര്‍ത്തകരുമാണ് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്നുള്ള പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥരും ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്.
കോഴിക്കോട്ട് നിന്നടക്കം ഒട്ടേറെ സന്നദ്ധ പ്രവര്‍ത്തകരാണ് അര്‍ജുനായുള്ള തിരച്ചിലിനായി ഷിരൂരിലെ ദുരന്ത ഭൂമിയിലെത്തിയിരിക്കുന്നത്. മണ്ണിടിച്ചിലുണ്ടായി ഒരാഴ്ചയായിട്ടും അര്‍ജുന്റെ ലോറിയോ അര്‍ജുനെയോ കണ്ടെത്താനാകാത്ത അനിശ്ചിതത്വത്തിന് ഇന്നത്തെ തിരച്ചിലോടെ പരിസമാപ്തിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍.
ജൂലൈ
16 ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയ പാതയിലെ ചായക്കടയുടമയടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജി.പി.എസ് ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.