പാര്‍ലമെന്റ് കവാടത്തില്‍ ബാനറുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചു.
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള വിവേചനത്തിനെതിരെ രാജ്യസഭയില്‍ പ്രതിഷേധവുമായി ഇന്ത്യാ സഖ്യം. പാര്‍ലമെന്റ് കവാടത്തില്‍ രാവിലെ പ്രതിപക്ഷം ബാനറുകള്‍ ഉയര്‍ത്തി പ്രതിഷേധമറിയിച്ചു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ കൂടാതെ കോണ്‍ഗ്രസ്, ടിഎംസി, സമാജ് വാദി പാര്‍ട്ടി, ഡിഎംകെ, ഇടതുപക്ഷം എന്നിവയുടെ എംപിമാരും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.
ഇന്നലെ വൈകുന്നേരം കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഇന്ത്യാ സഖ്യ പാര്‍ട്ടികളുടെ യോഗത്തിലാണ് ഇന്നത്തെ പ്രതിഷേധം സംബന്ധിച്ച് തീരുമാനമുണ്ടായത്.
ബിജെപി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളെ ബജറ്റ് ഇരുട്ടിലാക്കിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ജൂലൈ 27 ന് ചേരുന്ന നീതി ആയോഗ് യോഗം തങ്ങളുടെ മുഖ്യമന്ത്രിമാര്‍ ബഹിഷ്‌കരിക്കുമെന്നും പാര്‍ട്ടി അറിയിച്ചിട്ടുണ്ട്.
നീതി ആയോഗ് യോഗം ബഹിഷ്‌ക്കരിക്കണമെന്ന് സഖ്യ കക്ഷികളോടും കോണ്‍ഗ്രസ് നേതൃത്വം അഭ്യര്‍ത്ഥിച്ചു. ബജറ്റില്‍ സംസ്ഥാനങ്ങളോട് കാട്ടിയ കടുത്ത വിവേചനത്തിനെതിരെയാണ് നീക്കം. ഡിഎംകെയും നേരത്തെ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിരുന്നു.
ബജറ്റിനെ 'ദരിദ്ര വിരുദ്ധവും രാഷ്ട്രീയ പക്ഷപാത പരവും' എന്നാണ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിശേഷിപ്പിച്ചത്. കേന്ദ്രം സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ അവഗണിക്കുകയാണെന്നും മമത ആരോപിച്ചു.
അതിനിടെ ആരോപണം തള്ളി ധനമന്ത്രി രംഗത്ത് വന്നു. കേന്ദ്ര പദ്ധതികളുടെ പ്രയോജനം എല്ലാ സംസ്ഥാനങ്ങള്‍ക്കും കിട്ടുമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
മൂന്നാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് കസേര കാക്കാനുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരിഹസിച്ചിരുന്നു. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക കോപ്പിയിടച്ചാണ് ബജറ്റ് തയ്യാറാക്കിയതെന്നും രാഹുല്‍ ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.