അമേരിക്കയില്‍ കമലയ്ക്ക് പോരാട്ടം; തുളസീന്ദ്ര പുരത്ത് നാട്ടുകാര്‍ക്ക് ആഘോഷം

 അമേരിക്കയില്‍ കമലയ്ക്ക് പോരാട്ടം; തുളസീന്ദ്ര പുരത്ത് നാട്ടുകാര്‍ക്ക് ആഘോഷം

ചെന്നൈ: ഇന്ത്യന്‍ വംശജയായ കമല ഹാരിസ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ തമിഴ്‌നാട്ടിലെ തുളസീന്ദ്ര പുരം എന്ന ഗ്രാമത്തില്‍ ആഘോഷത്തിമര്‍പ്പ്. ഗ്രാമത്തിലൊട്ടാകെ ജനങ്ങള്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു.

ഗ്രാമത്തിന്റെ ഓരോ മുക്കിലും കമലയുടെ ബാനര്‍ ഇടം പിടിച്ചിട്ടുണ്ട്. അവരുടെ വിജയത്തിനായി പ്രത്യേക പ്രാര്‍ഥന പോലും നടക്കുന്നുണ്ട്. ചെന്നൈയില്‍ നിന്ന് 300 കിലോ മീറ്റര്‍ അകലെയാണ് തുളസീന്ദ്ര പുരം എന്ന ചെറിയ ഗ്രാമം. ഈ ഗ്രാമത്തിലാണ് യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിന്റെ മുത്തച്ഛനും മുത്തശിയും ജീവിച്ചിരുന്നത്.

സ്തനാര്‍ബുദ ഗവേഷകയായിരുന്ന കമല ഹാരിസിന്റെ അമ്മ ശ്യാമള ഗോപാലന്‍ 1958 ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ശ്യാമളയുടെ മാതാപിതാക്കള്‍ തുളസീന്ദ്ര പുരം സ്വദേശികളാണ്. പത്തൊമ്പതാം വയസില്‍ ഒറ്റയ്ക്കാണ് അമ്മ ശ്യാമള യു.എസിലേക്ക് വന്നതെന്ന് ഒരിക്കല്‍ കമല വ്യക്തമാക്കിയിരുന്നു. ശക്തയായ സ്ത്രീയും രണ്ട് പെണ്‍മക്കള്‍ക്കും പ്രചോദനവും അഭിമാനവും പകരുന്ന അമ്മയുമായിരുന്നു അവരെന്നും കമല കുറിച്ചു.

അമ്മയുടെ മരണ ശേഷം ചിതാഭസ്മം കടലില്‍ ഒഴുക്കാനായി സഹോദരി മായക്കൊപ്പം കമല ചെന്നൈ സന്ദര്‍ശിച്ചിരുന്നു. കമലയുടെ മാതൃ സഹോദരന്‍ ബാലചന്ദ്രന്‍ അക്കാദമിക് രംഗത്തെ പ്രമുഖനാണ്.

മുത്തച്ഛന്‍ പി.വി ഗോപാലന്‍ സിവില്‍ സര്‍വീസുകാരനായിരുന്നു. അഭയാര്‍ഥി പുനരധിവാസത്തില്‍ അഗ്രഗണ്യനായിരുന്ന അദേഹം 1960 കളില്‍ സാംബിയയിലെ ആദ്യ പ്രസിഡന്റിന്റെ ഉപദേശകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

'ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തെ നയിക്കാനുള്ള തിരഞ്ഞെടുപ്പ് ഒട്ടും എളുപ്പമായിരിക്കില്ലെന്നറിയാം. അവരെയോര്‍ത്ത് ഞങ്ങള്‍ അഭിമാനം കൊള്ളുകയാണ്. ഒരിക്കല്‍ വിദേശീയര്‍ ഇന്ത്യക്കാരെ ഭരിച്ചു. ഇപ്പോള്‍ ഇന്ത്യക്കാര്‍ മറ്റ് രാജ്യങ്ങളിലെ നിര്‍ണായക ശക്തികളായി മാറുകയാണ്'- കമല ഹാരിസിന്റെ നാട്ടുകാരനും ബാങ്ക് മാനേജരുമായ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

'വനിതകള്‍ക്കിടയില്‍ താരമാണ് കമല ഹാരിസ്. നാട്ടിലെ ഓരോ സ്ത്രീകളും സ്വന്തം മകളായോ സഹോദരിയായോ ഒക്കെയാണ് അവരെ കാണുന്നത്. എല്ലാവര്‍ക്കും കമലയെ അറിയാം. കുട്ടികള്‍ക്ക് പോലും'- ഗ്രാമപഞ്ചായത്തംഗം അരുള്‍മൊഴി സുധാകര്‍ വ്യക്തമാക്കി.


ഉന്നത പദവികളിലിരിക്കുമ്പോഴും തന്റെ വേരുകള്‍ കമല മറന്നില്ല എന്നതാണ് അവരെ വ്യത്യസ്തയാക്കുന്നത്. കമല ഹാരിസ് യു.എസ് വൈസ് പ്രസിഡന്റായപ്പോള്‍ പടക്കം പൊട്ടിച്ചും നഗരങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചുമാണ് ഗ്രാമവാസികള്‍ ആഘോഷിച്ചത്.

ഒപ്പം പരമ്പരാഗത ദക്ഷിണേന്ത്യന്‍ വിഭവങ്ങളായ സാമ്പാറും ഇഡ്‌ലിയും വിളിമ്പി സാമുദായിക സദ്യയൊരുക്കുകയും ചെയ്തു. ഇഡ്‌ലിയും സാമ്പാറുമാണ് കമലയുടെ ഇഷ്ട ഭക്ഷണങ്ങളിലൊന്ന്.

അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്‍മാറിയതോടെയാണ് കമല ഹാരിസിന് പ്രസിഡന്റായി മത്സരിക്കാന്‍ നറുക്ക് വീണത്. കമലയുടെ സ്ഥാനാര്‍ഥിത്വം പ്രഖാപിക്കപ്പെട്ടതിന് ശേഷം പുറത്തു വന്ന അഭിപ്രായ സര്‍വേ റിപ്പോര്‍ട്ടില്‍ എതിര്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ അവര്‍ മുന്നിലാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.