വയനാട് ഉരുള്‍പൊട്ടലില്‍ മരണം 66 ആയി; 62 മൃതദേഹങ്ങള്‍ കണ്ടെടുത്തു; 24 പേരെ തിരിച്ചറിഞ്ഞു

വയനാട് ഉരുള്‍പൊട്ടലില്‍ മരണം 66 ആയി; 62 മൃതദേഹങ്ങള്‍ കണ്ടെടുത്തു; 24 പേരെ തിരിച്ചറിഞ്ഞു

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. മരണം 66 ആയി. ഇതുവരെ 62 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതില്‍ 24 പേരെ തിരിച്ചറിഞ്ഞു. നിരവധി പേര്‍ ഇപ്പോഴും മണ്ണിനടിയിലുണ്ടെന്നാണ് വിവരം. ഒട്ടേറെ വീടുകള്‍ ഒലിച്ചു പോയി. നിരവധി ലയങ്ങളും നാമാവശേഷമായി.

കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷപ്പെടുത്താന്‍ കഴിയുന്നുണ്ട്. മിലിട്ടറിയും ഫയര്‍ഫോഴ്‌സും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് രക്ഷാ ദൗത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നിരവധി വീടുകള്‍ മണ്ണിനടിയിലാണ്. എന്നാല്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് എന്‍.ഡി.ആര്‍.എഫിന്റെ രക്ഷാ പ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്. എയര്‍ലിഫ്റ്റിങ് നടത്താനുള്ള ശ്രമവും വിജയിച്ചിട്ടില്ല.

ദുരന്തവുമായി ബന്ധപ്പെട്ട മൊത്തം ഏകോപന ചുമതല മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ആയ കാര്‍ത്തികേയന്‍ ഐ.എ.എസിനെ ഏല്‍പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിക്കുക.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ വി. സാംബശിവ റാവു ഐ.എ.എസ് വയനാട്ടില്‍ ക്യാംപ് ചെയ്ത് ജില്ലയിലെ രക്ഷാപ്രവര്‍ത്തനം ഏകോപിക്കും. സ്‌പെഷ്യല്‍ ഓഫിസറായാണ് അദ്ദേഹം പ്രവര്‍ത്തിക്കുക.

ദുരന്തത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡെപ്യൂട്ടി കലക്ടര്‍ ദേവകിയാണ് ഇക്കാര്യം അറിയിച്ചത്. മൃതദേഹങ്ങള്‍ മേപ്പാടി പി.എച്ച്.സിയിലാണുള്ളതെന്ന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. പരിക്കേറ്റവരെ വിംസ് ആശുപത്രിയിലും എത്തിച്ചിട്ടുണ്ട്.

അഞ്ച് ഇടങ്ങളിലായിട്ടാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. മേപ്പാടി ഹെല്‍ത്ത് സെന്റര്‍ (40), വിംസ് (7), വൈത്തിരി താലൂക്ക് ആശുപത്രി (1), നിലമ്പൂര്‍ ആശുപത്രി (8), മലപ്പുറം ചുങ്കത്തറ ആശുപത്രി (1) എന്നിവിടങ്ങളിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.