ചൂരല്‍മല ടൗണ്‍ വരെ വൈദ്യുതി എത്തിച്ചു; വൈദ്യുതി പുനസ്ഥാപന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമെന്ന് കെ.എസ്.ഇ.ബി

ചൂരല്‍മല ടൗണ്‍ വരെ വൈദ്യുതി എത്തിച്ചു; വൈദ്യുതി പുനസ്ഥാപന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമെന്ന് കെ.എസ്.ഇ.ബി

കല്‍പ്പറ്റ: മുണ്ടക്കൈ ദുരന്ത മേഖലയില്‍ ചൂരല്‍മല വരെ വൈദ്യതിയെത്തിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് മേപ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന മേഖലയില്‍ മൂന്ന് കിലോമീറ്ററിലേറെ ഹൈ ടെന്‍ഷന്‍ ലൈനുകളും എട്ട് കിലോമീറ്ററിലേറെ ലോ ടെന്‍ഷന്‍ ലൈനുകളും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. എങ്കിലും വൈദ്യുതി പുനസ്ഥാപന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി.

ഉരുള്‍പൊട്ടലില്‍ രണ്ട് ട്രാന്‍സ്ഫോര്‍മറുകള്‍ ഒഴുകി കാണാതാവുകയും ആറ് ട്രാന്‍സ്ഫോര്‍മറുകള്‍ തകര്‍ന്ന് നിലംപൊത്തുകയും ചെയ്തു. ഈ പ്രദേശത്തെ 1000 ഓളം ഉപയോക്താക്കള്‍ക്കുള്ള വൈദ്യുതി വിതരണ സംവിധാനം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. കുറഞ്ഞത് മൂന്ന് കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഈ മേഖലയില്‍ മാത്രം ഉണ്ടായിട്ടുള്ളതായാണ് പ്രാഥമിക വിലയിരുത്തല്‍.

ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശത്ത് പ്രധാനപ്പെട്ട ഒരു പാലവും റോഡുകളും ഒലിച്ച് പോയതിനാലും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലും അവിടേയ്ക്ക് കടന്ന് നാശനഷ്ടങ്ങള്‍ വിലയിരുത്താനോ വൈദ്യുതി പുനസ്ഥാപന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനോ സാധിച്ചിട്ടില്ല. എന്നാല്‍ ദുരന്തഭൂമിയുടെ സമീപം വരെയുള്ള മേഖലയിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടുണ്ട്.

ദുരന്തം നടന്നതിന് മറുഭാഗത്തുള്ള രണ്ടായിരത്തോളം വരുന്ന ഉപയോക്താക്കള്‍ക്ക് വൈദ്യുതി എത്തിയ്ക്കണമെങ്കില്‍ തകര്‍ന്ന ലൈനുകള്‍ പുനസ്ഥാപിച്ചാല്‍ മാത്രമേ സാധിക്കുകയുള്ളു . രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഈ പ്രവര്‍ത്തനം ആരംഭിക്കാനാകൂ. വൈദ്യുതി പുനസ്ഥാപനത്തിന് ആവശ്യമായ എബിസി കേബിളുകളും ട്രാന്‍സ്‌ഫോര്‍മറുകളും അനുബന്ധ സാമഗ്രികളും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ അവശ്യം വേണ്ട തൊഴിലാളികളെയും ജീവനക്കാരെയും നിയോഗിച്ചിട്ടുമുണ്ട്.

മുണ്ടക്കൈ, ചൂരല്‍മല പ്രദേശം മേപ്പാടി സെക്ഷനില്‍ നിന്നും ഏകദേശം 16 കിലോമീറ്റര്‍ അകലെയാണ്. കനത്ത മഴയില്‍ ഇന്നലെ മുതല്‍ തന്നെ ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം തകരാറിലായിരുന്നു. ഉരുള്‍പൊട്ടലുണ്ടായ പുലര്‍ച്ച രണ്ട് മുതല്‍ സെക്ഷനിലെ ജീവനക്കാര്‍ ഫീല്‍ഡില്‍ ഉണ്ടായിരുന്നു. ഏകദേശം പുലര്‍ച്ചയോടു കൂടി തന്നെ ഉരുള്‍പൊട്ടല്‍ കേന്ദ്രത്തില്‍ നിന്നും നാല് കിലോമീറ്റര്‍ വരെയുള്ള പ്രദേശത്ത് വൈദ്യുതിബന്ധം പുനസ്ഥാപിച്ചിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിയോടു കൂടി ചൂരല്‍മല ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് വരെ വൈദ്യുതിയെത്തിച്ചു. ഉച്ചയ്ക്ക് രണ്ടോടെ ഉരുള്‍പൊട്ടലില്‍ പാലം ഒലിച്ചുപോയ ചൂരല്‍മല ടൗണ്‍ വരെ 11 കെ.വി ലൈന്‍ പുനസ്ഥാപിച്ചു വൈദ്യുതി എത്തിച്ചിട്ടുണ്ട്.

നിലവില്‍ മേപ്പാടി ടൗണിലും പ്രധാന ആശുപത്രികളായ വിംസ് മെഡിക്കല്‍ കോളജ്, മേപ്പാടി ഗവ. ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലും വൈദ്യുതി വിതരണം ഉറപ്പുവരുത്തിയിട്ടുണ്ട്. ഈ പ്രദേശത്തും ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല പ്രദേശത്തും സബ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ രണ്ട് ടീമുകളെ വാഹന സഹിതം 24 മണിക്കൂറും തയ്യാറാക്കി നിര്‍ത്തിയിട്ടുമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കല്‍പ്പറ്റ 33 കെവി സബ്സ്റ്റേഷനില്‍ വെള്ളം കയറിയതിനാല്‍ അവിടെ നിന്നുള്ള വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട്. എന്നാല്‍, കല്‍പ്പറ്റ ടൗണിലും പ്രധാനപ്പെട്ട ആശുപത്രികള്‍ എന്നിവിടങ്ങളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി എത്തിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.