ഹമാസ് തലവൻ ഇസ്‌മായിൽ ഹനിയ ഇറാനിൽ കൊല്ലപ്പെട്ടു

ഹമാസ് തലവൻ ഇസ്‌മായിൽ ഹനിയ ഇറാനിൽ കൊല്ലപ്പെട്ടു

ടെഹ്റാൻ: ഗാസയുടെ ഭരണത്തലവനും ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനുമായ ഇസ്‌മായിൽ ഹനിയ ഇറാനിൽ കൊല്ലപ്പെട്ടു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹനിയ. ചൊവ്വാഴ്ച നടന്ന ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ ഇറാൻ നേതാവ് ആയത്തുല്ല ഖാംനയുമായും അദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹനിയ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഇദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കൂടുതൽ വിവരങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ഹമാസ് ആരോപിച്ചു. ഹനിയ ഖത്തറിൽ താമസിച്ചാണ് പ്രവർത്തിച്ചിരുന്നത്. ഗാസയിൽ നടന്ന ആക്രമണത്തിൽ ഹനിയയുടെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടിരുന്നു.

ബുധനാഴ്ച രാവിലെയാണ് ഹനിയ താമസിച്ച വീടിന് നേരെ ആക്രമണം നടന്നതെന്ന് ഇറാൻ ഇസ്ലാമിക് റെവലൂഷനറി ഗാർഡ് പത്രക്കുറിപ്പിൽ അറിയിച്ചു. രണ്ട് മാസം മുമ്പ് ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡൻ്റ് ഇബ്രാഹീം റെയ്സിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനും ഹനിയ ഇറാനിലെത്തിയിരുന്നു. 2006ൽ ഇസ്മായിൽ ഹനിയ പാലസ്തീൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.