വിലങ്ങാട് (കോഴിക്കോട്): കോഴിക്കോട് ജില്ലയിലെ വിലങ്ങാട് കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ 20 ഓളം വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. പല സ്ഥലങ്ങളിലായി 10 തവണയാണ് ഉരുള്‍പൊട്ടിയത്. മഞ്ഞച്ചീളി, അടിച്ചിപ്പാറ, മലയങ്ങാട്, പാനേം, വലിയ പാനോം, പന്നിയേരി, മുച്ചങ്കയം തുടങ്ങിയ സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടിയത്.
അടിച്ചിപ്പാറയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ കാണാതായ കുമ്പളച്ചോല എല്‍.പി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ മഞ്ഞച്ചീളി സ്വദേശി കുളത്തിങ്കല്‍ മാത്യുവിനെ ഇതുവരെ കണ്ടെത്താനായില്ല. രണ്ട് പാലങ്ങളും റോഡും ഒലിച്ചു പോയതിനാല്‍ രക്ഷാ പ്രവര്‍ത്തകര്‍ എത്താന്‍ വൈകിയത് രക്ഷാ ദൗത്യത്തിന് തിരിച്ചടിയായി. ഇതോടെ നാല്‍പതോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. പല പ്രദേശങ്ങളും ഒറ്റപ്പെട്ടു.
ഉരുള്‍പൊട്ടലില്‍ ഇവിടെയുണ്ടായിരുന്ന കുരിശുപള്ളിയും വായനശാലയും മൂന്ന് കടമുറികളും ഒലിച്ചു പോയി. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
പുഴയുടെ തീരങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു. കൈതപ്പൊയില്‍ - ആനോറമ്മല്‍ വള്ളിയാട് റോഡിലുണ്ടായ മണ്ണിടിച്ചിലില്‍ 80 മീറ്ററോളം റോഡ് മണ്ണിനടയിലായി. ഇവിടെ നിന്ന് ഏഴ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
കുറ്റിയാട് മരുതോങ്കര വില്ലേജില്‍ പശുക്കടവ് ഭാഗത്തും ഉരുള്‍പൊട്ടലുണ്ടായി. കടന്തറ പുഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പൃക്കന്തോട്, സെന്റര്‍ മുക്ക്, പീടികപ്പാറ പ്രദേശത്തുള്ള പുഴയോരവാസികളെ നെല്ലിക്കുന്ന് ഷെല്‍ട്ടറിലേക്ക് മാറ്റി. വടകര എംപി ഷാഫി പറമ്പില്‍ ദുരന്ത സ്ഥലം സന്ദര്‍ശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.