ഹമാസ് നേതാവിനെ വധിച്ച ഇസ്രയേലിന് കടുത്ത ശിക്ഷ നൽകും; ഭീഷണിയുമായി ഇറാന്റെ പരമോന്നത നേതാവ് ഖമേനി

ഹമാസ് നേതാവിനെ വധിച്ച ഇസ്രയേലിന് കടുത്ത ശിക്ഷ നൽകും; ഭീഷണിയുമായി ഇറാന്റെ പരമോന്നത നേതാവ് ഖമേനി

ടെഹ്റാൻ: ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തില്‍ ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്. ഹനിയയുടെ മരണത്തില്‍ ഇസ്രയേലിനെ ശിക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി അറിയിച്ചു. കുറ്റവാളികളും ഭീകരരുമായ സയണിസ്റ്റ് ഭരണകൂടം സ്വയം ശിക്ഷിക്കാന്‍ നിലമൊരുക്കുകയാണ് ഈ കൊലപാതകത്തിലൂടെ ചെയ്‌തിരിക്കുന്നതെന്നും ഖമേനി ചൂണ്ടിക്കാട്ടി.

ഇസ്രയേലിനെതിരെ ശക്തമായ ആക്രമണം നടത്താൻ സൈന്യത്തിലേയും റെവല്യൂഷണറി ഗാർഡുകളിലേയും കമാൻഡർമാരെ ഖമേനി ചുമതലപ്പെടുത്തിയതായും സൂചനയുണ്ട്. ഹനിയയുടെ മരണത്തിൽ നേരിട്ട് തിരിച്ചടിക്കണമെന്നാണ് ഖമേനി നിർദേശിച്ചിട്ടുള്ളത്. ഇറാനിൽ ഹനിയയുടെ കൊലപാതകം നടന്നത് അംഗീകരിക്കാനാകില്ലെന്നും ആ രക്തത്തിന് പകരം ചോദിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും ഖമേനി പറഞ്ഞു.

ഹനിയ കൊല്ലപ്പെട്ട വാർത്ത ഇറാൻ ആണ് ആദ്യം പുറത്ത് വിട്ടത്. പിന്നാലെ ചേർന്ന ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ യോഗത്തിലാണ് ഇസ്രയേലിനെ ആക്രമിക്കാൻ ഖമേനി ഉത്തരവിട്ടത്. ഹനിയയുടെ കൊലപാതകത്തിന് പിന്നാൽ ഇസ്രയേൽ ആണെന്നാണ് ഇറാന്റെയും ഹമാസിന്റെയും ആരോപണം. എന്നാൽ ഇസ്രയേൽ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഒക്ടോബർ ഏഴിനുണ്ടായ ആക്രമണത്തിന് പിന്നാലെ ഹമാസിനെ തുടച്ചുനീക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന് ടെഹ്‌റാനിൽ എത്തിയപ്പോഴാണ് ഹനിയ കൊല്ലപ്പെട്ടത്. തങ്ങളുടെ സൈനിക കമാൻഡർമാരെ കൊലപ്പെടുത്തിയതിന് പകരമായി ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ സൈനിക ഉദ്യോഗസ്ഥരും പറയുന്നു. ഇറാൻ സായുധ സേനയുടെ കമാൻഡർ ഇൻ ചീഫ് കൂടിയാണ് ഖമേനി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.