ഇന്ത്യന്‍ നഗരങ്ങളില്‍ കടല്‍ നിരപ്പ് ഉയരുന്നു; കൊച്ചിയില്‍ അഞ്ച് ശതമാനം വരെ കര മുങ്ങിയേക്കും

ഇന്ത്യന്‍ നഗരങ്ങളില്‍ കടല്‍ നിരപ്പ് ഉയരുന്നു; കൊച്ചിയില്‍ അഞ്ച് ശതമാനം വരെ കര മുങ്ങിയേക്കും

ന്യൂഡല്‍ഹി: കൊച്ചിയും മുംബൈയും അടക്കം 15 ഇന്ത്യന്‍ നഗരങ്ങളില്‍ കടല്‍ ജല നിരപ്പ് ക്രമാതീതമായി ഉയരുന്നതായി പഠനം. മുംബൈയിലാണ് 1987 നും 2021 നും ഇടയില്‍ ഏറ്റവും കൂടുതല്‍ സമുദ്രനിരപ്പ് ഉയര്‍ന്നത്. 4.44 സെന്റീമീറ്റര്‍. സമുദ്ര നിരപ്പ് ഉയരുന്ന ആദ്യ ആറ് ഇന്ത്യന്‍ നഗരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് കൊച്ചി.

മുംബൈയ്ക്ക് പിന്നാലെ, ഹാല്‍ദിയ ( 2.726 സെന്റിമീറ്റര്‍), വിശാഖ പട്ടണം ( 2.381 സെന്റീമീറ്റര്‍), കൊച്ചി ( 2.381 സെന്റിമീറ്റര്‍), പാരാദ്വീപ് (0.717 സെന്റിമീറ്റര്‍), ചെന്നൈ ( 0.679 സെന്റിമീറ്റര്‍) എന്നിങ്ങനെയാണ് പട്ടികയിലെ ആദ്യ ആറ് ഇന്ത്യന്‍ നഗരങ്ങള്‍. ബംഗളൂരു ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സയന്‍സ്, ടെക്‌നോളജി ആന്‍ഡ് പോളിസി (സിഎസ്ടിഇപി) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സമുദ്ര നിരപ്പ് ഉയരുന്നതുമൂലം 2040 ആകുമ്പോഴേക്കും മുംബൈ, ചെന്നൈ, പനാജി നഗരങ്ങളില്‍ 10 ശതമാനവും കൊച്ചിയില്‍ ഒന്ന് മുതല്‍ അഞ്ച് ശതമാനം വരെയും കരഭൂമി മുങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നാണ് കടല്‍ ജലനിരപ്പ് ഉയരുന്നത്. മംഗളൂരു, വിശാഖപട്ടണം, ഉഡുപ്പി, പുരി നഗരങ്ങളിലും അഞ്ച് ശതമാനം വരെ ഭൂമി വെള്ളത്തിനടിയിലായേക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സമുദ്രനിരപ്പിലെ വര്‍ധനവ് നൂറ്റാണ്ടിന്റെ അവസാനം വരെ തുടരും. ഏറ്റവും ഉയര്‍ന്ന വര്‍ധന മുംബൈയിലാകും ഉണ്ടാകുക. 2100 ആകുമ്പോഴേക്കും മുംബൈയില്‍ 76.2 സെന്റിമീറ്റര്‍ ജലനിരപ്പ് ഉയരുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. പനാജിയില്‍ 75.5 സെന്റിമീറ്റര്‍, ഉഡുപ്പിയില്‍ 75.3 സെന്റിമീറ്റര്‍, മംഗലാപുരത്ത് 75.2 സെന്റിമീറ്റര്‍, കോഴിക്കോട് 75.1 സെന്റിമീറ്റര്‍, കൊച്ചിയില്‍ 74.9 സെന്റിമീറ്റര്‍, തിരുവനന്തപുരത്ത് 74.7 സെന്റിമീറ്റര്‍, കന്യാകുമാരിയില്‍ 74.7 സെന്റിമീറ്റര്‍ എന്നിങ്ങനെ സമുദ്രനിരപ്പ് ഉയരുമെന്നും പഠനം പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.