കൊച്ചി: വയനാട്, വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് സ്ഥലവും വീടും വീട്ടുപകരണങ്ങളുമടക്കം നല്‍കാന്‍ പദ്ധതിയൊരുക്കുമെന്ന് കെസിബിസി.
കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപികയും കേരള കത്തോലിക്ക മെത്രാന്‍ സമിതിയും ചേര്‍ന്നു നടപ്പാക്കുന്ന ദുരിതാശ്വാസ പദ്ധതി സംബന്ധിച്ച് കെസിബിസി ജെപിഡി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയാറാക്കിയത്.
ദുരിതബാധിതരെ സഹായിക്കാന്‍ മാനന്തവാടി രൂപത കര്‍മ പദ്ധതി തയാറാക്കിയതായി മാനന്തവാടി രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം അറിയിച്ചു. മാനന്തവാടിക്കടുത്ത് എട്ടേക്കര്‍ ഭൂരഹിതര്‍ക്കായി നല്‍കാന്‍ തയാറാണ്. 50 വീടുകളും നിര്‍മിച്ചു നല്‍കും. കൂടാതെ 200 കുടുംബങ്ങള്‍ക്ക് 30,000 രൂപ വിലവരുന്ന വീട്ടുപകരണങ്ങളടങ്ങുന്ന കിറ്റ് നല്‍കുമെന്നും മാര്‍ ജോസ് പൊരുന്നേടം അറിയിച്ചു.
ഭവനരഹിതര്‍ക്ക് വീടുവയ്ക്കാന്‍ ഭൂമി നല്‍കുമെന്ന് കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ യോഗത്തില്‍ അറിയിച്ചു. വിലങ്ങാട് 50 വീടുകളുടെ നിര്‍മാണത്തില്‍ സഹകരിക്കുമെന്ന് താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. പൂര്‍ണമായി തകര്‍ന്ന 14 വീടുകള്‍ നിര്‍മിച്ചു നല്‍കുകയും ബാക്കിയുള്ളവയുടെ അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്യും.
കേരള സോഷ്യല്‍ സര്‍വീസ് ഫോറം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. കാരിത്താസ് ഇന്ത്യയും സംരംഭത്തില്‍ സഹകരിക്കും. എല്ലാ രൂപതകളുടെയും സഹകരണം ഉറപ്പാക്കി അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനും കൗണ്‍സലിങ്, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധിക്കാനും യോഗം തീരുമാനിച്ചു.
ജെപിഡി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, കണ്ണൂര്‍ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, കെഎസ്എസ്എഫ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, ദീപിക എക്സിക്യൂട്ടീവ് ഡയറക്ടര്‍ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട്, വിവിധ രൂപതകളുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍മാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
കേരള സോഷ്യല്‍ സര്‍വീസ് ഫോറം, അക്കൗണ്ട് നമ്പര്‍: 196201000000100, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് നാഗമ്പടം ബ്രാഞ്ച്, കോട്ടയം, ഐ.എഫ്.എസ്.സി കോഡ്: IOBA0001962 എന്ന അക്കൗണ്ട് നമ്പരിലേക്ക് ധനസഹായം അയയ്ക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. ജേക്കബ് മാവുങ്കല്‍ (എക്സിക്യുട്ടീവ് ഡയറക്ടര്‍ കെഎസ്എസ്എഫ്) ഫോണ്‍: 9495510395 എന്ന നമ്പരിലും ബന്ധപ്പെടാം.
ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്നു പോയ വയനാട്ടിലെയും മറ്റിടങ്ങളിലെയും ദുരിതബാധിതരെ സമര്‍പ്പിച്ച് ഇന്ന് പ്രാര്‍ത്ഥനാദിനമായി ആചരിക്കുകയാണ്. ഇന്നത്തെ ദിവ്യബലി മധ്യേ ദുരിത ബാധിതരെ സമര്‍പ്പിച്ച് പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ് കത്തോലിക്കാ ബാവ നേരത്തെ ആഹ്വാനം നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.