കെസിബിസി സമ്മേളനത്തിന് ഇന്ന് തുടക്കം; പ്രകൃതി ദുരന്തത്തിനിരയായവരുടെ പുനരധിവാസം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും

കെസിബിസി സമ്മേളനത്തിന് ഇന്ന് തുടക്കം; പ്രകൃതി ദുരന്തത്തിനിരയായവരുടെ പുനരധിവാസം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും

കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) സമ്മേളനം ഇന്ന് വൈകിട്ട് അഞ്ചിന് ആരംഭിക്കും. വയനാട് ജില്ലയിലെ മേപ്പാടി മേഖലയില്‍ ചൂരല്‍ മലയിലും മുണ്ടക്കൈയിലും, കോഴിക്കോട് ജില്ലയിലെ വിലങ്ങാടും മറ്റും പ്രകൃതി ദുരന്തമുണ്ടായ ഇടങ്ങളിലെ പുനരധിവാസം ഉള്‍പ്പടെ അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ആഗസ്റ്റ് ഒമ്പത് വരെ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനം നടക്കും. കോട്ടയം സെന്റ് ജോസഫ്‌സ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഡോ. മാത്യു കക്കാട്ടുപള്ളിലാണ് ആണ് ധ്യാനം നയിക്കുന്നത്.

കെസിബിസി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന ദൈവശാസ്ത്ര സമ്മേളനവും ഇന്ന് രാവിലെ 10 മുതല്‍ വൈകുന്നേരം നാല് വരെ മൗണ്ട് സെന്റ് തോമസില്‍ നടക്കും. കേരളത്തിലെ വൈദിക രൂപീകരണ പരിപാടിയുടെ നവീകരണം – വെല്ലുവിളികളും വാഗ്ദാനങ്ങളും ഉപായങ്ങളും എന്ന വിഷയത്തെ സംബന്ധിച്ച് തൃശൂർ മേരി മാതാ സെമിനാരി അധ്യാപകരായ ഡോ. സൈജോ തൈക്കാട്ടിലും, ഡോ. സജി കണയങ്കല്‍ സി.എസ്.റ്റി.യും പ്രബന്ധം അവതരിപ്പിക്കും.

കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷ വഹിക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആശംസ അര്‍പ്പിക്കും. ദെവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ടോണി നീലങ്കാവില്‍ സ്വാഗതം ആശംസിക്കും. ബിഷപ് മാര്‍ തോമസ് തറയില്‍, ജോസഫ് ജൂഡ്, ഡോ. സിസ്റ്റര്‍ ആര്‍ദ്ര എന്നിവര്‍ പഠനവിഷയത്തെ ആസ്പദമാക്കി സംസാരിക്കും. കത്തോലിക്കാ സഭയിലെ മെത്രാന്മാരും തിരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്ര പണ്ഡിതരും മേജര്‍ സെമിനാരികളിലെ റെക്ടര്‍മാരും ദൈവശാസ്ത്ര പ്രഫസര്‍മാരും കെസിബിസിയുടെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാരും ഏകദിന ദൈവശാസ്ത്ര സമ്മേളനത്തില്‍ സംബന്ധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.