ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാന്‍ കേരളം ഒന്നിക്കണം; സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിച്ച് സഭ പ്രവര്‍ത്തിക്കും: മാര്‍ പാംപ്ലാനി

ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാന്‍ കേരളം ഒന്നിക്കണം;  സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിച്ച് സഭ പ്രവര്‍ത്തിക്കും: മാര്‍ പാംപ്ലാനി

തലശേരി: വിലങ്ങാട്-മഞ്ഞക്കുന്ന്-പാലൂര്‍ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കേരളം ഒരു മനസോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദേഹം.

ജാതിമത രാഷ്ട്രീയ വ്യത്യാസങ്ങള്‍ ഇല്ലാതെ കേരളം ഒന്നാകെ ദുരിത ബാധിതരെ സഹായിക്കാന്‍ ഒരുമിക്കണം. ദുരിത ബാധിതരുടെ പുനരധിവാസത്തിന് ഈ ഒരുമ പ്രകടമാകേണ്ടതുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ തങ്ങളുടെ ഭാവിയെക്കുറിച്ച് ഏറെ ആശങ്കാകുലരാണ്.

വയനാട് സംഭവിച്ച വലിയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലിന് കാര്യമായ പൊതുജന ശ്രദ്ധയോ മാധ്യമ ശ്രദ്ധയോ ഉണ്ടായിട്ടില്ല. ഇവിടെയുണ്ടായ ദുരന്തത്തില്‍ ഒരു മരണം സംഭവിക്കുകയും ഇരുപത്താറോളം വീടുകള്‍ ഒലിച്ചു പോവുകയും ചെയ്തു. എഴുപതോളം വീടുകള്‍ വാസയോഗ്യമല്ലാതായി. നാനൂറോളം ഏക്കര്‍ സ്ഥലത്തെ കൃഷി പൂര്‍ണമായും നശിച്ചു. അനേകം വീടുകള്‍ ഇനിയും ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്.

അവരുടെ ജീവിതത്തിന് പ്രതീക്ഷയുടെ പുതുനാളം തെളിയിക്കാന്‍ പൊതു സമൂഹത്തിന് കൂട്ടുത്തരവാദിത്തം ഉണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിച്ച് പുനരധിവാസ പ്രക്രിയയില്‍ കത്തോലിക്കാ സഭ സജീവമായി പങ്ക് ചേരുമെന്നും അദേഹം പറഞ്ഞു.

ഉരുള്‍പൊട്ടല്‍ ഉണ്ടായ മേഖലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തലശേരി അതിരൂപത സാമ്പത്തിക സഹായം നല്‍കും. ഇതിനായി അതിരൂപതയിലെ എല്ലാ പള്ളികളിലും അടുത്ത ഞായറാഴ്ച പ്രത്യേക സംഭാവന ശേഖരിക്കും.

അടുത്ത ഞായറാഴ്ചത്തെ ദിവ്യ ബലി മധ്യേയുള്ള സംഭാവന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കേരള കത്തോലിക്ക മെത്രാന്‍ സമിതിയോട് ചേര്‍ന്ന് ഉപയോഗിക്കുമെന്നും മാര്‍ ജോസഫ് പാംപ്ലാനി അറിയിച്ചു.

ഉരുള്‍പൊട്ടല്‍ ഉണ്ടായ വിലങ്ങാട് മേഖലയിലേക്കും സര്‍ക്കാരിന്റെ സവിശേഷമായ ശ്രദ്ധ വേണമെന്ന് അദേഹം ആവശ്യപ്പെട്ടു. വിലങ്ങാട് വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹായം ഉറപ്പാക്കണം.

കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഡോ. ഫിലിപ്പ് കവിയില്‍, വിലങ്ങാട് ഫൊറോനാ പള്ളി വികാരി റവ. ഡോ. വില്‍സണ്‍ മുട്ടത്തുകൂന്നേല്‍, മിഥുന്‍ നെല്ലിക്കല്‍, അരുണ്‍ അഞ്ഞിലിതോപ്പില്‍ എന്നിവര്‍ ആര്‍ച്ച് ബിഷപ്പിനെ അനുഗമിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.