പുത്തുമലയില്‍ തിരിച്ചറിയാത്ത 16 പേര്‍ക്ക് കൂടി അന്ത്യ വിശ്രമം; സ‍ർവമത പ്രാർഥനയോടെ വിട ചൊല്ലി നാട്

പുത്തുമലയില്‍ തിരിച്ചറിയാത്ത 16 പേര്‍ക്ക് കൂടി അന്ത്യ വിശ്രമം; സ‍ർവമത പ്രാർഥനയോടെ വിട ചൊല്ലി നാട്

കൽപ്പറ്റ: വയനാട് ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കണ്ടെത്തിയ മൃതദേഹങ്ങളില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത 16 പേര്‍ക്ക് കൂടി പുത്തുമല ഹാരിസണ്‍ മലയാളത്തില്‍ സര്‍വ്വമത പ്രാര്‍ത്ഥനയോടെ അന്ത്യവിശ്രമം. പുത്തുമലയിലെ സംസ്‌കാരം നടന്ന സ്ഥലത്ത് ഇന്നും ഉറ്റവരെ തേടി നിരവധി പേര്‍ എത്തിയിരുന്നു. പുത്തുമലയിലെ സംസ്‌കാരത്തിന് പഞ്ചായത്ത് അധികൃതര്‍ നേതൃത്വം നല്‍കി. സംസ്‌കാരത്തിന് മുന്നോടിയായി ക്രിസ്ത്യന്‍, ഹിന്ദു, മുസ്ലീം പുരോഹിതന്മാര്‍ പത്ത് മിനുട്ട് വീതം അന്ത്യ പ്രാര്‍ത്ഥന നടത്തി.

കഴിഞ്ഞ ദിവസം സംസ്‌കരിച്ചതുള്‍പ്പെടെ ഹാരിസണ്‍ മലയാളത്തില്‍ ഇതുവരെ 24 മൃതദേഹങ്ങളാണ് സംസ്‌കരിച്ചത്. ശരീര ഭാഗങ്ങളായി ലഭിച്ച തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തിലുള്ള മൃതദേഹങ്ങളാണ് സംസ്‌കരിച്ചതില്‍ ഏറെയും. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് ഹാരിസണ്‍ മലയാളത്തില്‍ കുഴിമാടങ്ങള്‍ തയ്യാറാക്കിയത്.

പുത്തുമലയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് സൗജന്യമായി വിട്ടുനല്‍കിയ 64 സെന്റ് ഭൂമിയിലാണ് ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ട് തിരിച്ചറിയാന്‍ സാധിക്കാത്തവര്‍ക്ക് അന്ത്യവിശ്രമം ഒരുക്കിയത്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഹാരിസണ്‍ മലയാളം സ്ഥലം വിട്ടുനല്‍കിയകത്.

അതേസമയം മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 396 ആയി. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തിരച്ചില്‍ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി തെരച്ചില്‍ പ്രവര്‍ത്തനവും സംസ്ഥാന ഭരണകൂടത്തിന് കൈമാറാനാണ് സൈന്യത്തിന്‍റെ തീരുമാനം. ഉരുള്‍ പൊട്ടലിൽ പരിക്കേറ്റ 91 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വീട് നഷ്ടപ്പെട്ട 2514 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.