ദുബായ്: ഏഴുമാസം നീണ്ട യാത്രയ്ക്കൊടുവില്‍ യുഎഇയുടെ ബഹിരാകാശ ദൗത്യമായ ഹോപ് പ്രോബ് അല്‍ അമല്‍ ഇന്ന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും. പ്രാദേശിക സമയം രാത്രി 7.42 -നാണ് ഹോപ് പ്രോബ് ഭ്രമണ പഥത്തിലേക്ക് പ്രവേശിക്കുക. എന്നാല്‍ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുകയെന്നുളളത് ശ്രമകരമായ ദൗത്യമാണ്.
ഹോപ് പ്രൊബിലുളള ആറ് ത്രസ്റ്ററുകള്‍ പ്രവർത്തനക്ഷമമാകുകയെന്നതാണ് ആദ്യ കടമ്പ. രണ്ടിലധികം ത്രസ്റ്ററുകള്‍ പ്രവർത്തന ക്ഷമമായില്ലെങ്കില്‍ ദൗത്യം പരാജയപ്പെടുമെന്നതിനാല്‍ ഈ നീക്കം നിർണായകമാണ്. നിലവില്‍ പേടകത്തിന്റെ വേഗം 1,21,000 കിലോമീറ്ററാണ്. ഇത് 18,000 ആക്കുകയെന്നുളളതും പ്രധാനമാണ്. ത്രസ്റ്ററുകള്‍ പ്രവർത്തിച്ചാല്‍ മാത്രമെ വേഗം കുറയ്ക്കാനാകൂ. ഈ കടമ്പകള്‍ വിജയകരമായി പൂർത്തിയാക്കിയാല്‍ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് ഹോപ് പ്രോബിന് കടക്കാം. ആ നിമിഷത്തിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകം.
2020 ജൂലൈ 20 ന് ജപ്പാനിലെ താനെ ഗാഷിമയില്‍ നിന്നാണ് ഹോപ് പ്രോബ് വിക്ഷേപിച്ചത്. 2014 ല്‍ പ്രഖ്യാപിച്ച ദൗത്യത്തിന് ആറ് വർഷങ്ങള്‍ക്കിപ്പുറമായിരുന്നു സ്വപ്ന സാഫല്യം. 200ലേറെ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും പദ്ധതിയില്‍ സഹകരിച്ചു. 493.5 ദശലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്നത്.
അതേസമയം, അസാധ്യമായതൊന്നുമില്ലെന്ന് ദുബായ് ഭരണാധികാരി. യുഎഇ എന്ന രാജ്യം പിറവിയെടുത്തിട്ട് 50 വർഷം പൂർത്തിയാവുകയാണ് 2021 ല്‍. അതേ വർഷം രാജ്യത്തിന്റെ ബഹിരാകാശ കുതിപ്പിന് സാക്ഷിയാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം അദ്ദേഹം വീഡിയോയിലൂടെ ജനങ്ങളുമായി പങ്കുവച്ചു.
രാജ്യത്തിന്റെ ആഘോഷം ചുവന്ന ഗ്രഹത്തിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. അടുത്ത 50 വർഷത്തെ ഒരുക്കങ്ങള്‍ നാം ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഎഇയ്ക്കും ഇവിടെയുളള ജനങ്ങള്‍ക്കും അസാധ്യമായത് ഒന്നുമില്ലെന്ന് ഈ ചുവടുവയ്പുകള്‍ തെളിയിച്ചുവെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.