കൊല്ലത്തെ അപകട മരണം ക്വട്ടേഷന്‍ കൊലപാതകം; ധനകാര്യ സ്ഥാപനത്തിലെ വനിതാ മാനേജരും കൂട്ടാളികളും അറസ്റ്റില്‍

കൊല്ലത്തെ അപകട മരണം ക്വട്ടേഷന്‍ കൊലപാതകം; ധനകാര്യ സ്ഥാപനത്തിലെ വനിതാ മാനേജരും കൂട്ടാളികളും അറസ്റ്റില്‍

കൊല്ലം: റിട്ടയേര്‍ഡ് ബി.എസ്.എന്‍.എല്‍ എന്‍ജിനീയറായ പാപ്പച്ചന്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അപകട മരണം ക്വട്ടേഷന്‍ കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ക്വട്ടേഷന്‍ നല്‍കിയ കൊല്ലത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ വനിതാ മാനേജരെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജരും തേവള്ളിയില്‍ താമസക്കാരിയുമായ സരിത (45), സ്ഥാപനത്തിലെ എക്സിക്യൂട്ടീവ് മരുതടി വാസുപ്പിള്ള ജങ്ഷനിലെ അനൂപ്(37), പോളയത്തോട് സ്വദേശി അനിമോന്‍(44), കടപ്പാക്കട സ്വദേശി മാഹീന്‍(47), പോളയത്തോട് ഹാഷിഫ് അലി(27) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം ആശ്രാമം മൈതാനത്ത് മെയ് 26 ന് നടന്ന വാഹനാപകടമാണ് ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞത്.

ബി.എസ്.എന്‍.എല്‍. റിട്ട. എന്‍ജിനീയറായ പാപ്പച്ചന്‍ സൈക്കിളില്‍ വരുമ്പോഴാണ് വാഗണ്‍ ആര്‍ കാര്‍ ഇദേഹത്തെ ഇടിച്ചു തെറിപ്പിച്ചത്. മെയ് 26 ന് വൈകുന്നേരം ആശ്രാമം മൈതാനത്തിന് സമീപമായിരുന്നു സംഭവം. അപകടത്തില്‍ പാപ്പച്ചന്‍ മരിച്ചു.

തുടര്‍ന്ന് അദേഹത്തിന്റെ സംസ്‌കാരം പന്തളത്ത് നടത്തുകയും ചെയ്തു. സാധാരണ അപകടമെന്ന നിലയില്‍ പൊലീസ് കേസ് അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുമ്പോഴാണ് അപകടത്തെ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നത്. കാറിടിക്കുന്ന ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചതില്‍ നിന്ന് സംഭവം കൊലപാതകമാണെന്ന് ബോധ്യപ്പെടുകയായിരുന്നു.

ധനകാര്യ സ്ഥാപനത്തില്‍ സ്ഥിര നിക്ഷേപവും കോടികളുടെ ആസ്തിയുമുണ്ടായിരുന്ന പാപ്പച്ചന്‍ കുടുംബ പ്രശ്നം കാരണം കൊല്ലത്ത് ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. തന്റെ 90 ലക്ഷത്തിന്റെ നിക്ഷേപത്തില്‍ നിന്ന് 40 ലക്ഷം രൂപ സരിത പിന്‍വലിച്ചത് പാപ്പച്ചന്‍ ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് സരിതയും കൂട്ടാളികളും പാപ്പച്ചനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്.

പണം തട്ടിയത് പാപ്പച്ചന്‍ ചോദ്യം ചെയ്തപ്പോള്‍ പ്രശ്നം പരിഹരിക്കാം. പിന്നീടൊരു ദിവസം വന്നാല്‍ മതിയെന്ന് പറഞ്ഞ് സരിത ഇദേഹത്തെ തിരിച്ചയച്ചു. പിന്നാലെ സരിത മറ്റ് പ്രതികളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തു. 15 ലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍.

ക്വട്ടേഷന്‍ സംഘാംഗമായ അനിയാണ് കാറിടിപ്പിച്ച് പാപ്പച്ചനെ കൊലപ്പെടുത്തിയത്. വാടകയ്ക്കെടുത്ത കാറാണ് പ്രതികള്‍ കൃത്യത്തിന് ഉപയോഗിച്ചത്. പ്രതികളിലൊരാളായ അനൂപ് ആണ് കാര്‍ വാടകയ്ക്കെടുത്ത് നല്‍കിയതെന്നും പോലീസ് പറഞ്ഞു.

വിരമിക്കല്‍ ആനുകൂല്യമായി കിട്ടിയ പണം സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ സ്ഥിര നിക്ഷേപമായി ഇട്ടിരുന്ന പാപ്പച്ചന്‍, ബാങ്കിലെ ജീവനക്കാരുമായി നല്ല ബന്ധത്തിലായിരുന്നു. എന്നാല്‍, പാപ്പച്ചന്‍ കുടുംബവുമായി നല്ല ബന്ധത്തിലല്ലെന്ന വിവരം മാനേജര്‍ അടക്കമുള്ളവര്‍ക്ക് അറിയാമായിരുന്നു.

പാപ്പച്ചന്‍ മരിച്ചാല്‍ തുക ചോദിച്ച് ആരും വരില്ലെന്നും വ്യക്തമായി മനസിലാക്കിയാണ് സരിത പദ്ധതികള്‍ ആസൂത്രണം ചെയ്തത്. വാടകയ്‌ക്കെടുത്ത കാര്‍ പാപ്പച്ചന്‍ ഓടിച്ച സൈക്കിളിലേക്ക് ഇടിച്ചു കയറ്റിയാണ് അപകടം ഉണ്ടാക്കിയത്. ആശ്രാമം മൈതാനത്തിനു തൊട്ടടുത്ത ഇടവഴിയില്‍ ആയിരുന്നു അപകടം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.