'ബിഗ് സല്യൂട്ട്'... വയനാട് ദുരന്ത ഭൂമിയില്‍ നിന്നും സൈന്യം മടങ്ങി; യാത്രയയപ്പ് നല്‍കി സര്‍ക്കാര്‍: ഇനി തുടരുക രണ്ട് സംഘം മാത്രം

'ബിഗ് സല്യൂട്ട്'... വയനാട് ദുരന്ത ഭൂമിയില്‍ നിന്നും സൈന്യം മടങ്ങി; യാത്രയയപ്പ് നല്‍കി സര്‍ക്കാര്‍: ഇനി തുടരുക രണ്ട്  സംഘം മാത്രം

കല്‍പ്പറ്റ: വയനാട് ദുരന്ത ഭൂമിയില്‍ രക്ഷകരായെത്തിയ സൈന്യം മടങ്ങി. 500 അംഗ സംഘമാണ് ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ നിന്നും മടങ്ങിയത്.

ദുരന്ത മുഖത്ത് ഊണും ഉറക്കവുമില്ലാതെ സ്തുത്യര്‍ഹ സേവനം നടത്തിയ സൈന്യത്തിന് സര്‍ക്കാര്‍ യാത്രയയപ്പ് നല്‍കി. അതേസമയം സൈന്യത്തിന്റെ രണ്ട് ടീം മാത്രം ദുരന്ത ഭൂമിയില്‍ തുടരും.

രക്ഷാ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ നല്‍കിയ സേവനങ്ങള്‍ക്ക് സൈന്യം നന്ദി അറിയിച്ചു. തുടര്‍ന്നുള്ള രക്ഷാ പ്രവര്‍ത്തനം പൂര്‍ണമായും എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പൊലീസ് എന്നീ സേനകള്‍ക്ക് കൈമാറുമെന്നും സൈന്യം വ്യക്തമാക്കി.

സൈന്യത്തിന്റെ വിലമതിക്കാനാവാത്ത സേവനത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നന്ദിയറിയിച്ചു. ഒത്തൊരുമിച്ച് ഒരു ശരീരം പോലെ പ്രവര്‍ത്തിച്ചു. ചെയ്യാനാകുന്നതെല്ലാം സൈന്യം ചെയ്‌തെന്നും മന്ത്രി പറഞ്ഞു.

സൈന്യത്തിന്റെ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, ബംഗളുരു എന്നിവിടങ്ങളില്‍ നിന്നുള്ള ബറ്റാലിയന്‍ അംഗങ്ങളില്‍പ്പെട്ട 500 പേരാണ് മടങ്ങുന്നത്. സൈന്യത്തിന്റെ രണ്ട് ടീം മാത്രമാണ് ഇനി ദുരന്ത ഭൂമിയില്‍ തുടരുക. ഹെലികോപ്റ്റര്‍ തിരച്ചിലിനും ബെയ്ലി പാലം ശക്തിപ്പെടുത്താനുമുള്ള ടീം മാത്രമാണ് വയനാട്ടില്‍ തുടരുന്നത്.

അതേസമയം വായനാട്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. പ്രധാനമന്ത്രി വരുന്നത് സന്തോഷമുള്ള കാര്യമാണ്. വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിയാസ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.