ഉത്തരകൊറിയ ആണവ- ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ചതായി ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ട്

 ഉത്തരകൊറിയ ആണവ- ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ചതായി ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: അന്താരാഷ്ട്ര ഉപരോധം ലംഘിച്ച് 2020 ല്‍ ഉത്തര കൊറിയ തങ്ങളുടെ ആണവ ബാലിസ്റ്റിക് മിസൈല്‍ പരിപാടികള്‍ വികസിപ്പിച്ചതായി ഐക്യരാഷ്ട്രസഭയുടെ രഹസ്യ റിപ്പോര്‍ട്ട്. സൈബര്‍ ഹാക്കുകളിലൂടെ മോഷ്ടിച്ച 300 മില്യണ്‍ ഡോളര്‍ ഈ ദൗത്യത്തിനായി വിനിയോഗിച്ചു. ന്യൂക്ലിയര്‍ പദ്ധതികള്‍ക്കായി വിദേശത്ത് നിന്ന് ഉപകരണങ്ങളും സാങ്കേതികവിദ്യയും സ്വീകരിച്ചുകൊണ്ടാണ് ഉത്തര കൊറിയ ദൗത്യം പൂര്‍ത്തീകരിച്ചത്.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേറ്റ് ആഴ്ചകള്‍ കഴിഞ്ഞാണ് സുരക്ഷാ കൗണ്‍സിലിന്റെ ഉത്തര കൊറിയ ഉപരോധ സമിതിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് വരുന്നത്. ഉത്തരകൊറിയയുമായുള്ള പുതിയ സമീപനം ബൈഡന്‍ ഭരണകൂടം ആസൂത്രണം ചെയ്തതായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു. സഖ്യകക്ഷികളുമായി സമ്പൂര്‍ണ്ണ അവലോകനം ഉള്‍പ്പെടെ നിലവിലുള്ള സമ്മര്‍ദ്ദ തന്ത്രങ്ങളെക്കുറിച്ചും ഭാവിയില്‍ നയതന്ത്രത്തിനുള്ള സാധ്യതകളെക്കുറിച്ചും പുനരാലോചന നടത്തുമെന്ന് അമേരിക്ക വ്യക്തമാക്കി.

ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും 2018 ലും 2019 ലും മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയെങ്കിലും ഉത്തര കൊറിയ ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന യുഎസ് ആഹ്വാനവും ഉപരോധം അവസാനിപ്പിക്കണമെന്ന ഉത്തരകൊറിയയുടെ ആവശ്യങ്ങളും ഏകോപിക്കുന്നതില്‍ കൂടിക്കാഴ്ചകള്‍ പരാജയമായിരുന്നു.

കഴിഞ്ഞ വര്‍ഷം ഉത്തര കൊറിയ പുതിയ ഹ്രസ്വ-ദൂര, ഇടത്തരം, അന്തര്‍വാഹിനിയില്‍നിന്നും വിക്ഷേപിക്കാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ സംവിധാനങ്ങള്‍ സൈനിക പരേഡുകളില്‍ പ്രദര്‍ശിപ്പിച്ചതായി യു.എന്‍ റിപ്പോര്‍ട്ട് പറയുന്നു. ഉത്തരകൊറിയന്‍ മിസൈലുകളുടെ വലുപ്പമനുസരിച്ച്, ഒരു ആണവ ഉപകരണം ദീര്‍ഘദൂര, ഇടത്തരം, ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളില്‍ ഘടിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് യു.എന്‍ റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

എന്നാല്‍ അതികഠിനമായ താപത്തെ പ്രതിരോധിക്കുന്ന രീതിയില്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഉത്തരകൊറിയ വികസിപ്പിച്ചെടുത്തിട്ടുണ്ടോയെന്ന് ഇതുവരെ സ്ഥിരീകരണമില്ല. 2020 ല്‍ ന്യൂക്ലിയര്‍ അല്ലെങ്കില്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളൊന്നും നടന്നിട്ടില്ലെങ്കിലും പരീക്ഷണത്തിനും ഉത്പാദനത്തിനുമായി തന്ത്രപരമായ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള തയ്യാറെടുപ്പുകള്‍ ഉത്തര കൊറിയ നടത്തിയതായി കരുതുന്നു.

മിസൈലുകളുടെ നിര്‍ണായക ഭാഗങ്ങള്‍ കൈമാറ്റം ചെയ്യുന്നതുള്‍പ്പെടെയുള്ള ദീര്‍ഘദൂര മിസൈല്‍ വികസന പദ്ധതികളില്‍ ഉത്തര കൊറിയയും ഇറാനും വീണ്ടും സഹകരണം ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇറാന്‍ ഇത്തരം ആരോപണങ്ങള്‍ നിഷേധിക്കുകയാണുണ്ടായത്. 2006 മുതല്‍ ഉത്തര കൊറിയ യു.എന്‍ ഉപരോധത്തിന് വിധേയമായിട്ടുണ്ട്. ഈ ഉപരോധം നിമിത്തം ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ക്കുള്ള ധനസഹായം പരിമിതപ്പെടുത്തുവാന്‍ ഉത്തര കൊറിയ നിര്‍ബന്ധിതരായി.

ആണവ, മിസൈല്‍ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി 2020 ല്‍ ഉത്തര കൊറിയയുമായി ബന്ധപ്പെട്ട ഹാക്കര്‍മാര്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കും വെര്‍ച്വല്‍ കറന്‍സി എക്‌സ്‌ചേഞ്ചകള്‍ക്കുമെതിരെ പ്രവര്‍ത്തനം നടത്തിയിരുന്നു. ലഭ്യമായ കണക്കനുസരിച്ച് 2019 മുതല്‍ 2020 നവംബര്‍ വരെ ഉത്തരകൊറിയ മോഷ്ടിച്ച വെര്‍ച്വല്‍ ആസ്തികള്‍ ഏകദേശം 316.4 മില്യണ്‍ ഡോളറിനു തുല്യമാണ്. യു.എന്‍ ഉപരോധം പ്രകാരം 2020 ജൂലൈ മുതല്‍ കല്‍ക്കരി കയറ്റുമതി നിറുത്തിവച്ചിരുന്നു. എങ്കിലും തൊട്ടു മുന്‍ വര്‍ഷം ഉത്തര കൊറിയ കുറഞ്ഞത് 370 മില്യണ്‍ ഡോളര്‍ കല്‍ക്കരി കയറ്റുമതിയിലൂടെ സമ്പാദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.