വിവിധ രാജ്യങ്ങളിലെ വിമാനക്കമ്പനികള്‍ സര്‍വീസ് നിര്‍ത്തി. 
ടെല്‍ അവീവ്: ഇറാനും ഹിസ്ബുള്ളയും സംയുക്തമായി ഇസ്രയേലിനെ ആക്രമിക്കുമെന്ന  അഭ്യൂഹം ശക്തമായതോടെ ഇസ്രയേല്‍ തങ്ങളുടെ മന്ത്രിമാര്‍ക്കും ഉന്നത സൈനികോദ്യോഗസ്ഥര്‍ക്കും അധിക സുരക്ഷ ഏര്‍പ്പെടുത്തി. പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി.
24 മണിക്കൂറിനകം ആക്രമണമുണ്ടാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളെ ഉദ്ധരിച്ച് ഇസ്രയേല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതോടെ ഇടപെടലുമായി  ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങളും രംഗത്തെത്തിയിട്ടുണ്ട്. 
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ എന്നിവര്‍ ഇറാന്‍ നേതാക്കളെ നേരില്‍ ബന്ധപ്പെട്ടു കഴിഞ്ഞതായാണ് വിവരം.
യുദ്ധം ആസന്നമായ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ വിമാനക്കമ്പനികള്‍ ഇറാന്‍, ഇറാഖ്, ഇസ്രയേല്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. സ്വിസ് എയര്‍ലൈന്‍സ് സര്‍വീസ് നിര്‍ത്തുന്നതായി ഇന്നലെ അറിയിച്ചു. 
ജര്‍മനിയിലെ ലുഫ്താന്‍സ വിമാനക്കമ്പനി ടെല്‍ അവീവ്, ടെഹ്റാന്‍, ബെയ്‌റൂട്ട്്, അമ്മാന്‍, ഇര്‍ബില്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വിസ് നിര്‍ത്തിയത് ഓഗസ്റ്റ് 21 വരെ നീട്ടി.
നാല്‍പ്പത് രാജ്യങ്ങളിലേക്കുള്ള യാത്ര സുരക്ഷിതമല്ലെന്ന് പൗരന്മാര്‍ക്ക് ഇസ്രയേല്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. വിദേശത്തുള്ള പൗരന്മാര്‍ തങ്ങളുടെ ഇസ്രയേല്‍, ജൂത വ്യക്തിത്വം പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കൗണ്‍സില്‍ നിര്‍ദേശിച്ചു.
ഹമാസ്  നേതാവ് ഇസ്മായില്‍ ഹനിയയുടെയും ഹിസ്ബുള്ള നേതാവ് ഫുവാദ് ഷുക്കറിന്റെയും കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാനും ഹിസ്ബുള്ളയും ഹമാസും പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. 
പ്രാദേശിക അധികാരികള്‍ സുരക്ഷിതമെന്ന് പ്രഖ്യാപിക്കാത്ത വലിയ പരിപാടികള്‍ ഒഴിവാക്കണമെന്നും  പ്രകടനങ്ങളില്‍ നിന്നും പ്രതിഷേധങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും ഹിബ്രു, ഇംഗ്ലീഷ് ഭാഷകളില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.