ത്രിവര്‍ണ പ്രഭയില്‍ രാജ്യം; ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി

 ത്രിവര്‍ണ പ്രഭയില്‍ രാജ്യം; ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യം സ്വാതന്ത്ര്യത്തിന്റെ 78-ാം വാര്‍ഷിക ദിനാഘോഷത്തിന്റെ നിറവിലാണ്. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദേശീയ പതാക ഉയര്‍ത്തി. വ്യോമസേനാ ഹെലികോപ്ടറുകളില്‍ പുഷ്പവൃഷ്ടി നടത്തി. രാവിലെ ഏഴോടെ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രിയെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കേന്ദ്രമന്ത്രി സഞ്ജയ് സേത്ത് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. കര്‍ഷകരും ജവാന്മാരും രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളിയായെന്നും പ്രകൃതി ദുരന്തത്തില്‍ പൊലിഞ്ഞവരെ വേദനയോടെ ഓര്‍ക്കുന്നുവെന്നും പറഞ്ഞു.

'വികസിത ഭാരതം-2047' എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രമേയം. കൊളോണിയല്‍ ഭരണത്തില്‍ നിന്നുള്ള മോചനത്തിന് നടത്തിയത് നീണ്ട പോരാട്ടം. കൊളോണിയല്‍ ഭരണം പിഴുതെറിഞ്ഞ 40 കോടി ജനങ്ങളുടെ രക്തം പേറുന്നതില്‍ അഭിമാനിക്കുന്നു. ഇന്ന് നാം 140 കോടി ജനതയാണ്. ഒറ്റക്കെട്ടായി ഒരേ ദിശയിലേക്ക് നീങ്ങിയാല്‍ നമുക്ക് 2047-ഓടെ വികസിത ഭാരതം എന്ന സ്വപ്നം കൈവരിക്കാനാകുമെന്നും മോഡി പറഞ്ഞു.

ഡല്‍ഹി ഏരിയ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് സല്യൂട്ടിങ് ബേസില്‍വച്ച് സംയുക്ത സേനാ വിഭാഗവും ഡല്‍ഹി പൊലീസ് ഗാര്‍ഡും ചേര്‍ന്ന് പ്രധാനമന്ത്രിക്ക് സല്യൂട്ടും ഗാര്‍ഡ് ഓഫ് ഓണറും നല്‍കി. കമാന്‍ഡര്‍ അരുണ്‍ കുമാര്‍ മേത്തയുടെ നേതൃത്വത്തില്‍ കരസേന, നാവികസേന, വ്യോമസേന, ഡല്‍ഹി പൊലീസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു ഓഫിസറും 24 പേരും വീതം അടങ്ങുന്ന സംഘവുമാണ് പ്രധാനമന്ത്രിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്. ഇന്ത്യന്‍ നാവികസേനയാണ് ഈ വര്‍ഷത്തെ ഏകോപനം നിര്‍വഹിച്ചത്.

ഒളിമ്പിക് താരങ്ങള്‍, യുവാക്കള്‍, ഗോത്ര സമൂഹം, കര്‍ഷകര്‍, സ്ത്രീകള്‍, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കള്‍, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ള 6,000 അതിഥികള്‍ ചെങ്കോട്ടയിലെ ചടങ്ങിന് സാക്ഷ്യം വഹിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.