'സ്വാതന്ത്ര്യമെന്നാല്‍ സത്യം സംസാരിക്കാനുള്ള കഴിവാണ്; ഭരണഘടനാപരവും ജനാധിപത്യപരവുമായ സംരക്ഷണ കവചമാണ്': രാഹുല്‍ ഗാന്ധി

 'സ്വാതന്ത്ര്യമെന്നാല്‍ സത്യം സംസാരിക്കാനുള്ള കഴിവാണ്; ഭരണഘടനാപരവും ജനാധിപത്യപരവുമായ സംരക്ഷണ കവചമാണ്': രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യം എന്നത് വെറുമൊരു വാക്കല്ലെന്നും ഭരണഘടനാപരവും ജനാധിപത്യപരവുമായ സംരക്ഷണ കവചമാണെണെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ആശംസകള്‍ അറിയിച്ച് എക്‌സില്‍ പങ്കുവച്ച പോസ്റ്റിലാണ് രാഹുലിന്റെ പ്രതികരണം.

'രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍. നമ്മെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം എന്നത് വെറുമൊരു വാക്ക് മാത്രമല്ല. അത് ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളില്‍ ഇഴ ചേര്‍ത്ത നമ്മുടെ ഏറ്റവും വലിയ സംരക്ഷണ കവചമാണ്. അത് ആവിഷ്‌കാരത്തിന്റെ ശക്തിയാണ്. സത്യം സംസാരിക്കാനുള്ള കഴിവാണ്. സ്വപ്നങ്ങള്‍ നിറവേറ്റാനുള്ള പ്രതീക്ഷയാണ്' - രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

അതിനിടെ ഡല്‍ഹിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധിക്ക് ചെങ്കോട്ടയില്‍ പിന്നില്‍ ഇരിപ്പിടം നല്‍കിയെന്ന് ആക്ഷേപമുയര്‍ന്നു.

കേന്ദ്രമന്ത്രിമാര്‍ക്കും വിശിഷ്ടാതിഥികള്‍ക്കും പിന്നിലാണ് രാഹുല്‍ ഗാന്ധിക്ക് സീറ്റ് നല്‍കിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങളിലടക്കം വിമര്‍ശനം ഉയരുന്നത്.

ഒളിംപിക്‌സ് കായിക താരങ്ങള്‍ക്ക് ഇരിപ്പിടം ഒരുക്കാനായാണ് അങ്ങനെ ക്രമീകരിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം. ലോക്‌സഭ പ്രതിപക്ഷ നേതാവിനെ പ്രോട്ടോകോള്‍ പ്രകാരം ആദ്യ നിരയിലാണ് ഇരുത്തേണ്ടത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.