വഖഫ് ഭൂമി നിര്‍ണ്ണയം: സ്വതന്ത്ര ജുഡിഷ്യറി കാലഘട്ടത്തിന്റെ ആവശ്യമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്

 വഖഫ് ഭൂമി നിര്‍ണ്ണയം: സ്വതന്ത്ര ജുഡിഷ്യറി കാലഘട്ടത്തിന്റെ ആവശ്യമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: വഖഫ് ഭൂമിയെന്ന പേരില്‍ നിജപ്പെടുത്തുന്ന ഭൂമി തര്‍ക്കങ്ങളില്‍ പരിഹാരത്തിനായി എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചുള്ള നീതി ന്യായ സംവിധാനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. ഇതിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിയമ ഭേദഗതി സ്വാഗതാര്‍ഹമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കി.

വഖഫ് ഭൂമി തര്‍ക്കത്തില്‍ എല്ലാ മതത്തിലുള്ളവരും പെട്ടു പോകാറുണ്ട്. യാതൊരു രേഖകളുമില്ലാതെ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കുന്ന പ്രദേശങ്ങളിലുള്ള വസ്തുവകകളുടെ രേഖകള്‍ ഹാജരാക്കാന്‍ പ്രദേശവാസികള്‍ പോകേണ്ടത് വഖഫ് ട്രൈബ്യൂണലിലേക്കാണ്. ഇതിന് വഖഫ് ബോര്‍ഡിന് അധികാരം നല്‍കുന്ന 1995 ലെ വഖഫ് ആക്ടിലെ 40-ാം വകുപ്പ് അധികാര ദുര്‍വിനിയോഗത്തിന് കാരണമാകും എന്നതിനാല്‍ അത് പൂര്‍ണമായും ഒഴിവാക്കാനും ജില്ലാ കളക്ടര്‍മാരില്‍ ദൗത്യം നിക്ഷിപ്തമാക്കാനുമുള്ള ഭേദഗതികള്‍ പുതിയ ബില്ലിലുണ്ട്.

വഖഫ് ഭൂമിയാണോ അല്ലയോ എന്ന് തീരുമാനിക്കുന്ന സംവിധാനം നിക്ഷ്പക്ഷ നിയമത്തെ മാത്രം അടിസ്ഥാനപ്പെടുത്തി ഉണ്ടാകേണ്ടത് അനിവാര്യമാണ്. അന്യായമായ അവകാശ വാദങ്ങളെയും അധിനിവേശങ്ങളെയും അംഗീകരിക്കാനാവില്ല. മത സ്വാതന്ത്ര്യത്തെയും വ്യക്തി നിയമങ്ങളെയും മാനിക്കുമ്പോഴും ഒരുവന്റെ വ്യക്തി നിയമം മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെങ്കില്‍ അതില്‍ വിധി പറയാന്‍ സ്വതന്ത്ര ജുഡിഷ്യറി ആവശ്യമാണന്നും കത്തോലിക്ക കോണ്‍ഗ്രസ് നേതൃയോഗം അഭിപ്രായപ്പെട്ടു.

ഉടമസ്ഥതയില്ലാത്ത ഭൂമി പോലും വഖഫ് ആക്കി മാറ്റാന്‍ നിലവില്‍ പറ്റുമെന്നിരിക്കെ അപ്പീല്‍ കോടതികള്‍ക്ക് അധികാരം നല്‍കാത്ത നിയമ നിര്‍മാണങ്ങള്‍ ഇന്ത്യയെ പിന്നോട്ടടിക്കുന്നതാണ്. അതുകൊണ്ട് തന്നെ വഖഫ് ബോര്‍ഡ് തീരുമാനങ്ങളില്‍ മേല്‍കോടതികളില്‍ അപ്പീല്‍ കൊടുക്കാന്‍ സാധിക്കും എന്ന പുതിയ ബില്ലിലെ വ്യവസ്ഥ, ക്രമസമാധാന നിലക്ക് ഭംഗം വരുത്തുന്ന അധിനിവേശങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് നേതൃയോഗം വിലയിരുത്തി.

പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ഒഴുകയില്‍, ട്രഷറര്‍ അഡ്വ. ടോണി പഞ്ചക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.