സ്വിസ് സൈനികൻ ഇനി ക്രിസ്തുവിൻ്റെ പടയാളി; പൗരോഹിത്യ ശുശ്രൂഷയിലേക്ക് വത്തിക്കാൻ പട്ടാളക്കാരനും

സ്വിസ് സൈനികൻ ഇനി ക്രിസ്തുവിൻ്റെ പടയാളി; പൗരോഹിത്യ ശുശ്രൂഷയിലേക്ക് വത്തിക്കാൻ പട്ടാളക്കാരനും

വത്തിക്കാൻ സിറ്റി: പടയാളിയാകാൻ പരിശീലിപ്പിക്കപ്പെട്ടവൻ പൗരോഹിത്യ ശുശ്രൂഷയിലേക്ക്. പൊന്തിഫിക്കൽ സ്വിസ് ഗാർഡിൻ്റെ യൂണിഫോമിൽ നിന്ന് റോമൻ കോളർ ധരിക്കുന്ന പുരോഹിതനിലേക്കുള്ള തൻ്റെ യാത്രയെക്കുറിച്ചും പരിവർത്തനത്തെക്കുറിച്ചും വത്തിക്കാൻ ന്യൂസിനോടു മനസു തുറന്ന് മുപ്പത്തിനാലുകാരനായ വൈദിക വിദ്യാർഥി ദിദിയെ ഗ്രഷോൺ.

സ്വിറ്റ്സർലാൻഡിലെ ഫ്രിബർഗിൽ കത്തോലിക്കാ വിശ്വാസ ജീവിതം നയിക്കുന്ന ഒരു കുടുംബത്തിലായിരുന്നു ദിദിയെയുടെ ജനനം. അതിനാൽതന്നെ, തികച്ചും സ്വാഭാവികമായാണ് ദിദിയെ സഭാസേവനത്തിലേയ്ക്ക് കടന്നുവന്നത്. സ്വിസ് ആർമിയുടെ റിക്രൂട്ട്മെൻ്റ് സ്കൂളിൽ പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം 2011 മുതൽ 2019 വരെ പൊന്തിഫിക്കൽ സ്വിസ് ഗാർഡ്സിൽ അംഗമായി സേവനമനുഷ്ഠിച്ചു.

ഇരുപത്തിയൊന്നാം വയസിൽ ആരംഭിച്ച തൻ്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ നിരവധി തീർത്ഥാടകരുമായി സമ്പർക്കം പുലർത്താൻ ഗ്രഷോണിനു സാധിച്ചു. അവരിൽ അനേകം പേരുടെ ആഴമായ വിശ്വാസം അദ്ദേഹത്തിൽ വലിയ മതിപ്പുളവാക്കി. ഇത് അദ്ദേഹത്തിൻ്റെ പരിവർത്തനത്തിനും ആത്മീയ വളർച്ചയ്ക്കും ഒരു ഉത്തേജകശക്തിയായി മാറി. അതുമൂലം ഡ്യൂട്ടി സമയങ്ങളിൽതന്നെ പ്രാർത്ഥിക്കാനും ധ്യാനിക്കാനും താൻ ശീലിച്ചുവെന്ന് ദിദിയെ ഗ്രഷോൺ വത്തിക്കാൻ ന്യൂസിനോടു പറഞ്ഞു.

'പൗരോഹിത്യ ജീവിതാന്തസിനു വേണ്ട അടിസ്ഥാന ഗുണമായ ആത്മീയ പക്വത ഞാൻ നേടിയെടുത്തത് വത്തിക്കാൻ സുരക്ഷാ സേനയുടെ ഭാഗമായി സേവനം ചെയ്തുവന്നപ്പോളാണ്. അത് എനിക്ക് ഏറ്റവും അനുയോജ്യമായ വിധത്തിലുള്ള ഒരു പാതയുമായിരുന്നു' - ദിദിയെ പറഞ്ഞു.

സെമിനാരി പ്രവേശനത്തിന് പിന്തുണ

ദൈവഭക്തിയുള്ള ഒരു കുടുംബമായിരുന്നെങ്കിലും, തന്റെ ചുവടുമാറ്റം കുടുംബാംഗങ്ങളെയെല്ലാം ആദ്യം ആശ്ചര്യപ്പെടുത്തിയതായി ഗ്രഷോൺ പറഞ്ഞു. എന്നിരുന്നാലും, ക്രിയാത്മകമായ പ്രതികരണങ്ങളും പിന്തുണയുമാണ് അവരിൽനിന്ന് തുടർന്നു ലഭിച്ചത്. 'ഇത് നിനക്കായുള്ള പാതയാണ്, ധൈര്യമായി മുന്നോട്ടു പോകൂ' - തൻ്റെ വേർപാടിനു മുമ്പായി ഗ്രഷോണിന്റെ പിതാവ് നൽകിയ ഉപദേശം ഇതായിരുന്നു.

സ്വിസ് ഗാർഡെന്ന നിലയിൽ വത്തിക്കാനിലെ അനുഭവങ്ങൾ

ഫ്രാൻസിസ് പാപ്പയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന 2013-ലെ കോൺക്ലേവ് ജീവിതത്തിലെ ഒരു സുപ്രധാന നിമിഷമായാണ് താൻ കണക്കാക്കുന്നതെന്ന് ദിദിയെ പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയുടെ സ്ഥാനാരോഹണ കർമ്മങ്ങൾക്കും അതോടൊപ്പം സഭയുടെ അതുല്യമായ മഹത്വത്തിനും പ്രതീകാത്മകതക്കുമെല്ലാം താൻ അന്ന് സാക്ഷിയായതായി അദ്ദേഹം പറഞ്ഞു.

'വത്തിക്കാൻ സിറ്റി എന്ന ചെറുരാജ്യത്തിന്റെയും പൊന്തിഫിക്കൽ സ്വിസ് ഗാർഡ്സ് എന്ന സുരക്ഷാസേനയുടെയും കാതലായ മൂല്യങ്ങൾ അന്നാണ് ഞാൻ മനസ്സിലാക്കിയത്. പാരമ്പര്യം, ആധുനികത, സുരക്ഷ, സന്നദ്ധ സേവനം
എന്നിവയും അവയോട് സാമ്യമുള്ള മറ്റു മൂല്യങ്ങളുമാണ് ആ അവസരത്തിൽ അവിടെ ഏറെ പ്രതിഫലിച്ചത് ' - ദിദിയെ ഗ്രഷോൺ പറഞ്ഞു. ഇവയ്ക്കെല്ലാം പുറമേ അച്ചടക്കം, സൗഹൃദം എന്നീ മൂല്യങ്ങളാണ് ഒരു സ്വിസ് ഗാർഡിനും പുരോഹിതനും ഇടയ്ക്കുള്ള പാലമായി എൻ്റെ ജീവിതത്തിൽ പ്രവർത്തിച്ചത് - അദ്ദേഹം കൂട്ടിച്ചേർത്തു.

അചഞ്ചലമായ ഭക്തിയോടെ തന്നെത്തന്നെ മറ്റുള്ളവർക്കുവേണ്ടി സമർപ്പിക്കുന്നതിന് സ്ഥിരോൽസാഹം കൂടിയേതീരൂ. ഇതിനായി, 'പ്രാർത്ഥനയെ ഒരു യുദ്ധമെന്നപോലെ കണക്കാക്കണം. ഇതേക്കുറിച്ച് ഞാൻ ബോധവാനാണ്' - ഗ്രഷോൺ പറഞ്ഞു.

ഒരു സ്വിസ് ഗാർഡ് എന്ന നിലയിലും വൈദികാർഥി എന്ന നിലയിലും തനിക്ക് പ്രചോദനമായത് 'ദൈവദാസരുടെ ദാസര്‍' (സെർവൂസ് സെർവോരും ദെയി) എന്ന പദവിയാണെന്ന് അദ്ദേഹം പറഞ്ഞു. പുരാതന കാലം മുതൽക്ക് മാർപാപ്പമാർ ഉപയോഗിച്ചുവരുന്ന ഒരു പദവിയാണ് ഇത്. പ്രതിഫലമൊന്നും പ്രതീക്ഷിക്കാതെ നിസ്വാർത്ഥമായി എളിമയോടെ ചെയ്യുന്ന ശുശ്രൂഷയെയാണ് ഇത് സൂചിപ്പിക്കുന്നത് - അദ്ദേഹം വിശദീകരിച്ചു.

പ്രതിബദ്ധതയിലെ പ്രതിസന്ധി

സാമൂഹികമായ വീക്ഷണമനുസരിച്ച് നോക്കിയാൽ, അവിവാഹിത ജീവിതം നയിക്കുമ്പോൾ അനുഭവിക്കേണ്ടിവരുന്ന ഏകാന്തതയെ തിരിച്ചറിയുകയും അതിനെ അംഗീകരിക്കുകയും ചെയ്തതായി ഗ്രഷോൺ പറഞ്ഞു. എന്നിരുന്നാലും, വിശ്വാസത്തിൽ ഒരേ കുടുംബത്തിലെ അംഗങ്ങളായവർക്ക് ചെയ്യുന്ന ശുശ്രൂഷയിലൂടെ ഇതിനൊരു പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

മതനിരാസവും സുഖാസക്തികളും വളർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളിൽ ത്യാഗത്തിന്റെയും ദീർഘകാല പ്രതിബദ്ധതയുടെയും പ്രാധാന്യത്തിന് മങ്ങലേറ്റതായി ദിദിയെ ഗ്രഷോൺ അഭിപ്രായപ്പെട്ടു. പൗരോഹിത്യത്തിൽ മാത്രമല്ല ദാമ്പത്യ ജീവിതത്തിലും ഇത് പ്രകടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.എന്നാൽ ധൈര്യപൂർവ്വം വിശ്വാസത്തിന്റെ പാത പിന്തുടരണമെന്നും അതിൽ സന്തോഷം കണ്ടെത്തണമെന്നും ദിദിയെ പറഞ്ഞു. കാരണം, 'ക്രിസ്തു എപ്പോഴും നമ്മോടൊപ്പം ഉണ്ട്. '

പ്രത്യാശയുടെ സന്ദേശം

പൗരോഹിത്യത്തിലേക്കും സമർപ്പിത ജീവിതത്തിലേക്കുമുള്ള ദൈവവിളികൾ കുറഞ്ഞുവരുകയാണെങ്കിലും ആളുകൾ ഇപ്പോഴും പരിചയസമ്പന്നരായ വൈദികരുടെ ഉപദേശം തേടാറുണ്ട്. അവരുടെ സാന്നിധ്യം അവർക്ക് സന്തോഷവും ദിശാബോധവും നൽകുന്നു - ഗ്രഷോൺ പറഞ്ഞു.

സ്വിസ് ഗാർഡ് സേനയിൽ ആയിരുന്ന കാലത്ത് താൻ അനുഭവിച്ചറിഞ്ഞ ഒരു ചേതോവികാരം വെളിപ്പെടുത്തികൊണ്ട് ഇപ്രകാരം പറഞ്ഞ് ദിദിയെ ഗ്രഷോൺ അഭിമുഖം അവസാനിപ്പിച്ചു: 'സഭയും അവളുടെ ശുശ്രൂഷകരും എല്ലായ്പ്പോഴും ജനങ്ങൾക്ക് പ്രാപ്യരായിരിക്കണം. കാരണം മുൻകാല ജീവിതത്തിൽനിന്ന് നിങ്ങൾ ഉപേക്ഷിച്ചവയെല്ലാം നൂറിരട്ടിയായി നിങ്ങൾക്ക് തിരികെ ലഭിക്കും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.