'സഹായ ധനത്തില്‍ കയ്യിട്ടു വാരി': കല്‍പ്പറ്റയിലെ ഗ്രാമീണ്‍ ബാങ്കിലേക്ക് ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; സംഘര്‍ഷം

'സഹായ ധനത്തില്‍ കയ്യിട്ടു വാരി': കല്‍പ്പറ്റയിലെ ഗ്രാമീണ്‍ ബാങ്കിലേക്ക് ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; സംഘര്‍ഷം

കല്‍പ്പറ്റ: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ മേഖലയിലെ ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് നല്‍കിയ ആശ്വാസ ധനത്തില്‍ നിന്ന് വായ്പയുടെ തിരിച്ചടവ് പിടിച്ച ചൂരല്‍മലയിലെ കേരള ഗ്രാമീണ്‍ ബാങ്കിനെതിരെ യുവജന സംഘടനകളുടെ പ്രതിഷേധം. ബാങ്കിന്റെ കല്‍പറ്റ റീജിയണല്‍ ഓഫീസ് ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും ഉപരോധിച്ചു.

പ്രതിഷേധ സമരം സംഘര്‍ഷത്തിനും ഇടയാക്കി. ബാങ്കിന് അകത്തേക്ക് പ്രതിഷേധക്കാര്‍ തള്ളിക്കയറി. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതോടെയാണ് വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്.

സഹായധനം കയ്യിട്ടുവാരിയ ബാങ്കിന്റെ നടപടി ക്രൂരമാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. മിനിമോളുടെ ധന സഹായത്തില്‍ നിന്നും പിടിച്ച ഇഎംഐ തിരിച്ചു നല്‍കിയെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. എന്നാല്‍ മറ്റ് ദുരന്ത ബാധിതരുടെ ബാങ്ക് വായ്പകളുടെ പണം പിടിച്ചിട്ടുണ്ടോയെന്നതില്‍ വ്യക്തത വേണമെന്നും ഇഎംഐ പിടിച്ച നടപടിയില്‍ ബാങ്ക് പരസ്യമായി മാപ്പു പറയണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ദുരന്ത ബാധിതരുടെ സഹായ ധനത്തില്‍ നിന്നും ഇഎംഐ പിടിച്ച ബാങ്ക് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇഎംഐ പിടിച്ച എല്ലാവരുടേയും പണം തിരിച്ചു നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ എല്ലാ ബാങ്കിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.

ദുരന്ത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ പതിനായിരം രൂപയുടെ സഹായ ധനത്തില്‍ നിന്നും മൂന്ന് പേരുടെ ഇഎംഐ പിടിച്ചതായിട്ടാണ് ബാങ്ക് ജീവനക്കാര്‍ അറിയിച്ചത്. മൂന്ന് പേരുടെയും പണം തിരികെ നല്‍കിയതായും അറിയിച്ചു. എന്നാല്‍ ബാങ്ക് വായ്പയുടേത് അടക്കം മുഴുവന്‍ പട്ടികയും വേണമെന്ന് സമരക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.

സംഭവം വിവാദമായതോടെ ദുരിത ബാധിതര്‍ക്ക് സര്‍ക്കാരില്‍ നിന്ന് സഹായ ധനമായി നല്‍കിയ 10,000 രൂപയില്‍ നിന്ന് പിടിച്ചെടുത്ത തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉത്തരവിറക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.