കൊച്ചി: പ്രകൃതിദുരന്തത്തില്‍ എല്ലാം നഷ്ട്ടപ്പെട്ട കൃഷിക്കാര്‍ക്ക് സഹായമായി സുഹൃത്തുക്കള്‍ അയച്ചു കൊടുത്ത പണം വരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബാങ്ക്,വായ്പ തിരിച്ചടവിന്റെ പേരില്‍ പിടിച്ചെടുത്ത സംഭവം വിലങ്ങാട്ട് ഉണ്ടായത് നിന്ദ്യവും അത്യന്തം പ്രതിഷേധാര്‍ഹവുമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കി.
വിലങ്ങാട് പ്രകൃതിദുരന്ത ബാധിതരെ ഉപദ്രവിക്കുന്ന ബാങ്ക് സമീപനങ്ങള്‍ അവസാനിപ്പിക്കണമെന്നും ബാങ്കേഴ്‌സ് സമിതിയ്ക്ക് സര്‍ക്കാര്‍ അതിനുള്ള നിര്‍ദേശം നല്‍കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു. ഉരുള്‍ പൊട്ടലില്‍ കൃഷി ഭൂമി ഒലിച്ചു പോയ വിലങ്ങാട്ടെ കര്‍ഷകര്‍ക്ക് അടിയന്തിര ധന സഹായം നല്‍കാനും വായ്പകള്‍ എഴുതി തള്ളാനും വേണ്ട നിര്‍ദേശം സര്‍ക്കാര്‍ തലത്തില്‍ നല്‍കണം. വയനാട്ടിലെ പോലെ തന്നെ ഉരുള്‍പൊട്ടി വ്യാപക കൃഷിനാശം സംഭവിച്ച വിലങ്ങാടിനായും പ്രത്യേക ദുരിതാശ്വാസ പാക്കേജ് ഉണ്ടാക്കണം.
ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ നൂറ് കണക്കിന് ഏക്കര്‍ കൃഷിയിടങ്ങള്‍ വിലങ്ങാട്ട് നഷ്ട്ടപ്പെട്ടിരിക്കുന്നു. എന്നാല്‍ വയനാട്ടിലെ മഹാദുരന്തത്തിന്റെ ഇടയില്‍ വിലങ്ങാടിന്റെ പ്രശ്‌നം ശ്രദ്ധിക്കപ്പെടാതെ പോവുന്ന അവസ്ഥയാണ്. വിലങ്ങാടിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.വയനാടിനൊപ്പം വിലങ്ങാട്ടെ ഉരുള്‍പ്പൊട്ടലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നും നഷ്ട്ടപരിഹാരം അനുവദിക്കണം എന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ ഫാ ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ ജോസ്‌കുട്ടി ഒഴുകയില്‍, ട്രഷറര്‍ അഡ്വ ടോണി പുഞ്ചക്കുന്നേല്‍, സെക്രട്ടറി ട്രീസ ലിസ് സെബാസ്‌റ്യന്‍, താമരശേരി രൂപതാ ഭാരവാഹികളായ ഫാ. സബിന്‍ തൂമുള്ളില്‍, ഡോ ചാക്കോ കാളാംപറമ്പില്‍, ഷാജി കണ്ടത്തില്‍, ബേബി കിഴക്കുംഭാഗം എന്നിവര്‍ സംസാരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.