കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൂടുതല്‍ പ്രതികരണവുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെ തന്നെ പ്രതിഷ്ഠിക്കുന്ന തരത്തിലും മുതിര്‍ന്ന കലാകാരികളെ അപമാനിക്കുന്നതുമായ ഓട്ടേറെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ ഇതിന്റെ പേരില്‍ പുറത്തു വരുന്നതില്‍ ഡബ്ല്യുസിസി ആശങ്ക പങ്കിട്ടു. പരിഹരിക്കേണ്ടവ മനസിലാക്കി തിരുത്തി മുന്നോട്ടു പോകാനുള്ള ആര്‍ജ്ജവമാണ് വേണ്ടതെന്നും അവര്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സംഘടന നിലപാട് അറിയിച്ചത്.
ഫെയ്‌സ്ബുക്ക് കുറിപ്പ്:
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ ഞങ്ങള്‍ ഏറെ സന്തോഷിക്കുമ്പോഴും ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഞങ്ങളോടൊപ്പം ഈ ആഹ്ലാദത്തില്‍ കൂടെ നിന്ന നിങ്ങളെ അറിയിക്കണമെന്ന് കരുതുന്നു. 250 ഓളം പേജുകള്‍ ഉള്ള ഈ പഠനം സിനിമാ രംഗത്ത് ഗൗരവമായി ഇടപെടുന്ന എല്ലാവരും തുറന്ന മനസോടെ വായിക്കുകയും തങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുകയും ഈ തൊഴിലിടത്തെ സ്ത്രീ വിരുദ്ധതയുടെ ചരിത്രപരമായ കാരണങ്ങള്‍ മനസിലാക്കി അവ പരിഹരിക്കുവാന്‍ മുന്‍കൈ എടുക്കുമെന്നുമാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്.
എന്നാല്‍ മാധ്യമങ്ങളുടെ ഹൈലറ്റുകളില്‍ 'ഡബ്ല്യുസിസി മുന്‍ സ്ഥാപക അംഗത്തിന്റെത് ' എന്ന് പറയുന്ന മൊഴികള്‍ക്ക് പുറകെ പോയി സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്നതിനും മുതിര്‍ന്ന കലാകാരികളെ അപമാനിക്കുന്നതുമായ തരത്തില്‍ ഒട്ടേറെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ കാണുകയുണ്ടായി. അതിജീവിതക്കൊപ്പം ഉറച്ച് നിന്ന ഞങ്ങളുടെ 'ഇപ്പോഴത്തേയും' സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന ഈ സൈബര്‍ അറ്റാക്കുകള്‍ക്കെതിരെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു.
ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാന്‍ അവകാശമുണ്ടെന്ന് ഡബ്ല്യുസിസി കരുതുന്നു. മറിച്ച് പറയുന്നത് പുരുഷാധിപത്യത്തിന്റെ പൊതു രീതിയാണ്.
ഒരു സിവില്‍ സമൂഹം, സ്ത്രീകള്‍ അവരുടെ ജോലി സ്ഥലത്ത് ഇരകളാക്കപ്പെടുന്നതിനെക്കുറിച്ച് തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍, അതേ സമൂഹത്തിലെ അപരിഷ്‌കൃത ഘടകങ്ങള്‍, പ്രസ്തുത വിവരങ്ങള്‍ കലാകാരികളെ കല്ലെറിയാനും അപമാനിക്കാനും ഉപയോഗിക്കുന്നത് കണ്ടു കൊണ്ടിരിക്കാന്‍ ആവില്ല. ഈ വ്യവസായത്തില്‍ സ്ത്രീകളോട് പൊതുവേ നിലനില്‍ക്കുന്ന പിന്തിരിപ്പന്‍ മനോഭാവം തന്നെയാണ് ഇത് വീണ്ടും തെളിയിക്കുന്നത്.
കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടും സ്വന്തമായി ഇടം ഉണ്ടാക്കിയ ഒട്ടനവധി സ്ത്രീകള്‍ എക്കാലത്തും സിനിമാരംഗത്ത് ഉണ്ടായിരുന്നു. നിരവധി പ്രതിബന്ധങ്ങള്‍ക്കിടയിലും തീജ്വാല പോലെ ഈ സ്ത്രീകള്‍ തിളങ്ങി നില്‍ക്കുന്ന, നിന്നിരുന്ന ഒരു ഇടമാണിത്. അവരെ അപമാനിക്കാനല്ല ഈ പഠനം ഉപയോഗിക്കേണ്ടത്. പരിഹരിക്കേണ്ടവ മനസിലാക്കി തിരുത്തി മുന്നോട്ടു പോകാനുള്ള ആര്‍ജ്ജവമാണ് വേണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.