ഒഴിവാക്കാന്‍ വിവരാവകാശ കമ്മിഷന്‍ പറഞ്ഞത് 21 ഖണ്ഡികകള്‍; സര്‍ക്കാര്‍ വെട്ടിയത് 129: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നത് നന്നായി 'വെളുപ്പിച്ച്'

ഒഴിവാക്കാന്‍ വിവരാവകാശ കമ്മിഷന്‍ പറഞ്ഞത് 21 ഖണ്ഡികകള്‍; സര്‍ക്കാര്‍ വെട്ടിയത് 129:  ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നത് നന്നായി 'വെളുപ്പിച്ച്'

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 96-ാം പാരഗ്രാഫില്‍ മലയാള സിനിമയിലെ അതി പ്രശസ്തരായ വ്യക്തികള്‍ പോലും ലൈംഗിക ചൂഷണം നടത്തിയിട്ടുണ്ടെന്നും കമ്മീഷന് അത് മൊഴിയായി ലഭിച്ചിട്ടുണ്ടെന്നും പറയുന്നു.

തിരുവനന്തപുരം: മലയാള സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കൂടുതല്‍ ഭാഗങ്ങള്‍ വെട്ടിയതില്‍ വിവാദം.

വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചതിലും കൂടുതല്‍ ഭാഗങ്ങള്‍ സര്‍ക്കാര്‍ പുറത്തു വിടാതെ മറച്ചുവെച്ചു എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. റിപ്പോര്‍ട്ടിലെ 21 പാരഗ്രാഫുകള്‍ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ തന്നെ സര്‍ക്കാര്‍ ഒഴിവാക്കി.

ഇതടക്കം 129 പാരഗ്രാഫുകളാണ് സര്‍ക്കാര്‍ പുറത്തു വിടുന്നതില്‍ നിന്നും ഒഴിവാക്കിയത്. സ്വകാര്യ വിവരങ്ങള്‍ ഒഴിവാക്കണമെന്ന വിവരാവകാശ കമ്മീഷന്‍ നിര്‍ദേശത്തിന്റെ മറവില്‍ കൂടുതല്‍ പേജുകള്‍ പൊതുജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ മറച്ചു പിടിക്കുകയായിരുന്നു എന്നാണ് ആരോപണം. വിവരാവകാശ നിയമ പ്രകാരം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട അപേക്ഷകരോടും ഇത്രയും പേജുകള്‍ ഒഴിവാക്കിയത് അറിയിച്ചിരുന്നില്ല.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 96-ാം പാരഗ്രാഫില്‍ മലയാള സിനിമയിലെ അതി പ്രശസ്തരായ വ്യക്തികള്‍ പോലും ലൈംഗിക ചൂഷണം നടത്തിയിട്ടുണ്ടെന്നും കമ്മീഷന് അത് മൊഴിയായി ലഭിച്ചിട്ടുണ്ടെന്നും പറയുന്നു.

ഇതിന് ശേഷമുള്ള 11 ഖണ്ഡികകള്‍ ഒഴിവാക്കിയവയില്‍പ്പെടുന്നു. കാസ്റ്റിങ് കൗച്ച് അടക്കമുള്ള വിശദാംശങ്ങള്‍ മറച്ചു വെച്ചവയില്‍ ഉള്‍പ്പെടുന്നതായാണ് വിവരം.

എന്നാല്‍ സ്വകാര്യതയെ മാനിച്ചാണ് റിപ്പോര്‍ട്ടില്‍ നിന്നും കൂടുതല്‍ ഭാഗങ്ങള്‍ ഒഴിവാക്കിയതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. സ്വകാര്യ വിവരങ്ങള്‍ പുറത്തു വിടരുതെന്ന് വിവരവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇതു പരിഗണിച്ചാണ് കൂടുതല്‍ പാരഗ്രാഫുകള്‍ പുറത്തുവിടുന്നതില്‍ നിന്നും ഒഴിവാക്കിയതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം റിപ്പോര്‍ട്ടില്‍ പോക്‌സോ പരാതി ഉണ്ടോയെന്നും ചില പേജുകള്‍ ഒഴിവാക്കിയാണോ പുറത്ത് വിട്ടതെന്നും അറിയില്ലെന്നും സ്വമേധയാ കേസ് എടുക്കാന്‍ ആകില്ലെന്നും വനിത കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. കോടതി പറഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്നാണ് വനിത കമ്മീഷന്റെ നിലപാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.