തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ പരാതി നല്‍കിയാല്‍ എഫ്.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. നടി ആരോപണം ഉയര്‍ത്തിയതിന് പിന്നാലെ അത് നിഷേധിച്ച് രഞ്ജിത്ത് രംഗത്തെത്തിയിരുന്നു. അതുകൊണ്ടു തന്നെ സംഭവത്തിലെ വസ്തുത പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ആക്ഷേപത്തിന്റെ പേരില്‍ കേസെടുക്കില്ലെന്നും പരാതി ഉണ്ടെങ്കില്‍ കേസെടുക്കുമെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണ് വേട്ടക്കാര്‍ക്കൊപ്പമല്ലെന്നും പരാതി തരുന്ന മുറയ്ക്ക് പരിശോധിക്കുമെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.
ആരോപണമല്ല പരാതി ലഭിച്ചാലെ സര്‍ക്കാരന് നടപടി എടുക്കാനോ പരിശോധിക്കാനോ സാധിക്കുകയുള്ളൂ. ഇത് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ഇക്കാര്യങ്ങളില്‍ ഒരു സംശയവും വേണ്ട. സിനിമയില്‍ ഉണ്ടായ പ്രശ്‌നങ്ങളില്‍ ഇതുവരെ നടപടി എടുത്തിട്ടുണ്ട്. സിനിമ മേഖലയിലെ പ്രശ്‌നങ്ങളില്‍ നിലവില്‍ ഒരു പരിധിവരെ പരിഹാരം കണ്ടെത്തിയിട്ടുണ്ട്. ഇത് സനിമ സംഘടകളും അംഗീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന മീറ്റിംഗില്‍ എ.എം.എം.എയുടേയും ഡബ്ല്യുസിസിയുടേയും അംഗങ്ങളുണ്ടായിരുന്നു. ഇവരുടെ എല്ലാ ആവശ്യങ്ങളും കേട്ടു. ഇവയ്ക്കുള്ള നിര്‍ദേശവും മുന്നോട്ടുവച്ചു.
സര്‍ക്കാരിനെ ഈ വിഷയത്തിലെല്ലാം തെറ്റായി ചിത്രീകരിക്കാനാണ് മാധ്യമങ്ങളുടെ ശ്രമം. രഞ്ജിത്തിനെതിരായ ആരോപണത്തില്‍ പോലും ഒരു പരാതി ലഭിച്ചാല്‍ ആ പരാതിയിന്മേല്‍ എഫ്‌ഐആര്‍ ഇടാം എന്നാണ് തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള നിയമോപദേശം. എന്തെങ്കിലും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലോ ആരോപണത്തിന്റെ അടിസ്ഥാനത്തിലോ കമ്മിറ്റിയുടെ അടിസ്ഥാനത്തിലോ നടപടി സ്വീകരിക്കാന്‍ പറ്റില്ല. അത്തരമൊരു സാഹചര്യത്തില്‍ ഒരബദ്ധം പറ്റാന്‍ പാടില്ല.
രഞ്ജിത്തിനെതിരെ പരാതി ലഭിച്ചാല്‍ അത് അന്വേഷിക്കും. അല്ലാതെ എന്തിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുക്കുക. അയാള്‍ കുറ്റക്കാരനാണെന്ന് തെളിയണം. അതല്ലാത്ത പക്ഷം ഒന്നും ചെയ്യാന്‍ പറ്റില്ല. ഈ ആരോപണത്തിനെതിരെ അദേഹം വിശദീകരണം നടത്തിക്കഴിഞ്ഞു. സംഭവം നടക്കുന്നത് തന്റെ ഫ്‌ളാറ്റിലാണെന്നും താന്‍ ഒറ്റയ്ക്കായിരുന്നില്ല അവിടെ ഉണ്ടായിരുന്നതെന്നും അവര്‍ക്ക് സിനിമയില്‍ റോള്‍ കിട്ടാത്തതില്‍ വലിയ ദേഷ്യം ഉണ്ടായിരുന്നതായും രഞ്ജിത്ത് പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ഈ വിഷയത്തില്‍ അന്വേഷണം നടത്തിയാലേ സത്യം വ്യക്തമാകൂ. അതിന് പരാതി ലഭിക്കണമെന്നും സജി ചെറിയാന്‍ വിശദീകരിച്ചു.
2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര ഒരു ചാനലിനോട് വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണെന്നും നടി പറഞ്ഞിരുന്നു. സംഭവത്തില്‍ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫിനോടാണ്. എന്നാല്‍ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി വെളിപ്പെടുത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.