തിരുവനന്തപുരം: വ്യാഴാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇതിന്റെ സ്വാധീന ഫലമായി വ്യാഴാഴ്ച മുതല്‍ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജാഗ്രതയുടെ ഭാഗമായി വ്യാഴാഴ്ചയും വെള്ളിയാഴ്ചയും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മൂന്ന് ദിവസം ഈ രണ്ട് ജില്ലകള്‍ ഒഴികെ ഒരിടത്തും മഴ മുന്നറിയിപ്പ് ഇല്ല.
നിലവില്‍ അതി തീവ്രന്യൂനമര്‍ദ്ദം കിഴക്കന്‍ രാജസ്ഥാന് മുകളില്‍ സ്ഥിതി ചെയ്യുകയാണ്. തെക്കന്‍ രാജസ്ഥാന്‍-ഗുജറാത്ത് മേഖലയിലേക്ക് സഞ്ചരിച്ച് വ്യാഴാഴ്ചയോടെ ഇത് സൗരാഷ്ട്ര കച്ച് തീരത്തിന് സമീപം വടക്ക് കിഴക്കന്‍ അറബിക്കടലില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്.
ശക്തി കൂടിയ ന്യൂനമര്‍ദ്ദം പശ്ചിമ ബംഗാളിന് മുകളിലും സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത രണ്ട് ദിവസങ്ങളില്‍ ജാര്‍ഖണ്ഡ്, ഒഡിഷ ഭാഗത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുനമര്‍ദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന് പുറമേയാണ് മധ്യ കിഴക്കന്‍, വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ചയോടെ പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ഇതിന്റെയെല്ലാം ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.