പവര്‍ ഗ്രൂപ്പ് ഇല്ലെന്ന് പറയാനാവില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പഴുതടച്ചുള്ള അന്വേഷണം വേണം: എ.എം.എം.എയ്ക്ക് വീഴ്ച പറ്റിയെന്ന് പൃഥ്വിരാജ്

പവര്‍ ഗ്രൂപ്പ് ഇല്ലെന്ന് പറയാനാവില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പഴുതടച്ചുള്ള അന്വേഷണം വേണം: എ.എം.എം.എയ്ക്ക് വീഴ്ച പറ്റിയെന്ന് പൃഥ്വിരാജ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി നടന്‍ പ്രഥ്വിരാജ്. റിപ്പോര്‍ട്ടില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകണം. അത് സൂപ്പര്‍ താരങ്ങളെ ഉള്‍പ്പടെ എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ ബാധിക്കണം. ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ അന്വേഷണവും ഉണ്ടാകണമെന്ന് പ്രഥ്വിരാജ് പറഞ്ഞു.

കുറ്റകൃത്യം ബോധ്യപ്പെട്ടാല്‍ മാതൃകപരമായ നടപടി വേണം. അന്വേഷണത്തിനൊടുവില്‍ ആരോപണങ്ങള്‍ കള്ളമാണെന്ന് ബോധ്യപ്പെട്ടാല്‍ അതേ ശിക്ഷാ നടപടികള്‍ തിരിച്ചും ഉണ്ടാകണം.

ആരോപണ വിധേയരുടെ പേര് പുറത്തു വിടുന്നതില്‍ നിയമ തടസങ്ങളില്ല. ഇരകളുടെ പേരുകളാണ് നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥിതി അനുസരിച്ച് സംരക്ഷിക്കപ്പെടേണ്ടത്. കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ള പേരുകള്‍ പുറത്തു വിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അധികാരത്തില്‍ ഇരിക്കുന്നവരാണെന്നും നടന്‍ പറഞ്ഞു.

സിനിമയില്‍ ഒരു പവര്‍ ഗ്രൂപ്പ് ഉള്ളതായി തനിക്ക് അനുഭവപ്പെട്ടിട്ടില്ല. തനിക്ക് അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് കരുതി അത്തരമൊരു ഗ്രൂപ്പ് ഇല്ലെന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നും പൃഥ്വി രാജ് പറഞ്ഞു.

ഹേമ കമ്മിറ്റിയുമായി ആദ്യം സംസാരിച്ചവരില്‍ ഒരാള്‍ ഞാന്‍ ആണ്. ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടുന്നത് സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്തുവാനും എങ്ങനെയൊരു സുരക്ഷിതമായ തൊഴിലിടം സാധ്യമാകും എന്നതിനെക്കുറിച്ച് ചിന്തിക്കാനുമാണ്.

ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതില്‍ ഒരു ഞെട്ടലുമില്ല. കുറ്റകൃത്യം ചെയ്ത ആള്‍ക്കാരെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ തുടര്‍ നടപടികള്‍ എന്താണെന്നറിയാന്‍ ആകാംക്ഷയുണ്ട്.

പരാതികള്‍ പരിഹരിക്കുന്നതില്‍ താര സംഘടനയായ എ.എം.എം.എയ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. തനിക്ക് ചെയ്യാന്‍ കഴിയുന്നത് ടുറ്റുമുള്ള ചുറ്റുമുള്ള തൊഴിലിടം സുരക്ഷിതമാക്കുക എന്നുള്ളതാണ്. പക്ഷേ അതോടെ ഉത്തരവാദിത്വം തീരുന്നില്ല.

ആരോപണവിധേയവരായവര്‍ മാറി നിന്ന് അന്വേഷണം നേരിടുകയാണ് വേണ്ടത്. ഏത് സംഘടനയില്‍ ആയാലും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ആരെയും മാറ്റി നിര്‍ത്തരുത്.

സിനിമയില്‍ ആരെയും വിലക്കാന്‍ പാടില്ല. നിലപാട് പറഞ്ഞതിന്റെ പേരില്‍ പാര്‍വതിക്ക് മുന്‍പ് തനിക്കാണ് വിലക്ക് ഉണ്ടായത്. സിനിമയില്‍ ബഹിഷ്‌കരണവും വിലക്കും പാടില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.