ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: നടിമാരുടെ പരാതികള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ ആദ്യ യോഗം ഇന്ന്

 ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: നടിമാരുടെ പരാതികള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ ആദ്യ യോഗം ഇന്ന്


തിരുവനന്തപുരം: ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ നടിമാര്‍ ഉള്‍പ്പെടെ നടത്തിയ വെളിപ്പെടുത്തലുകളെയും പരാതികളെയും കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോഗം ഇന്ന് ചേരും. പരാതികളില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യും.

പൊലീസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ഡിഐജി എസ്. അജീത ബീഗം, ക്രൈംബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടേഴ്സ് എസ്പി മെറിന്‍ ജോസഫ്, കോസ്റ്റല്‍ പൊലീസ് എഐജി ജി. പൂങ്കുഴലി, കേരള പൊലീസ് അക്കാദമി അസി. ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്റെ തുടങ്ങിയവരാണ് സംഘത്തിലെ വനിതാ അംഗങ്ങള്‍. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് ആണ് അന്വേഷണ സംഘത്തിന് മേല്‍നോട്ടം വഹിക്കുക.

സംവിധായകന്‍ രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച ബംഗാള്‍ നടി ശ്രീലേഖ മിത്ര ഇന്നലെ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച പഴയ ഐപിസി 354 വകുപ്പ് പ്രകാരം രഞ്ജിത്തിനെതിരെ നോര്‍ത്ത് പൊലീസ് കേസെടുത്തിരുന്നു. നിരവധി പേര്‍ മറ്റ് നടന്‍മാര്‍ക്കെതിരെയും ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. പലരും പരാതി നല്‍കാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യോഗം.

അന്വേഷണത്തിന്റെ രീതി, ആരോപണം ഉന്നയിച്ചവരുടെ മൊഴിയെടുക്കുന്നത് തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. ആരോപണം ഉയര്‍ത്തിയവരെ മുഴുവന്‍ നേരിട്ട് സമീപിക്കാനാണ് ഇപ്പോഴുള്ള ധാരണ. ആരോപണങ്ങളില്‍ ഉറച്ച് നിന്നാല്‍ തുടര്‍ നടപടികളിലേക്ക് കടക്കും. ഏഴ് അംഗ അന്വേഷണ സംഘത്തിലെ നാല് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ചായിരിക്കും മൊഴി രേഖപ്പെടുത്തുക.
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപവും അന്വേഷണ പരിധിയില്‍ വരാനാണ് സാധ്യത. അങ്ങനെയെങ്കില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അന്വേഷണ സംഘം സര്‍ക്കാരിനോട് ആവശ്യപ്പെടും. മാധ്യമങ്ങള്‍ക്ക് മുന്നില്‍ മറച്ചുവച്ച ഭാഗങ്ങളും സര്‍ക്കാരിന് കൈമാറേണ്ടി വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.