കത്തിയാക്രമണം: ജര്‍മനിയില്‍ അനധികൃത കുടിയേറ്റം തടയുമെന്ന് ചാന്‍സലര്‍; പ്രതികരണവുമായി കത്തോലിക്ക സഭാ നേതാക്കള്‍

കത്തിയാക്രമണം: ജര്‍മനിയില്‍ അനധികൃത കുടിയേറ്റം തടയുമെന്ന് ചാന്‍സലര്‍; പ്രതികരണവുമായി കത്തോലിക്ക സഭാ നേതാക്കള്‍

ബര്‍ലിന്‍: അഭയം നല്‍കിയ രാജ്യത്തെ തന്നെ കത്തി മുനയില്‍ ഭീതിലാഴ്ത്തിയ സിറിയന്‍ അഭയാര്‍ത്ഥിയുടെ ക്രൂരതയില്‍ ഞെട്ടിയിരിക്കുകയാണ് ജര്‍മന്‍ ജനത. സോളിംഗന്‍ നഗരത്തില്‍ മൂന്നു പേരുടെ ജീവനെടുത്ത കത്തി ആക്രമണത്തെ തുടര്‍ന്ന് അനധികൃത കുടിയേറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. ജര്‍മനിയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

ജര്‍മനിയിലേക്കുള്ള അഭയാര്‍ത്ഥികളുടെ ഒഴുക്ക് തടയുമെന്നും പൊതുസ്ഥലത്ത് കത്തികള്‍ അനുവദിക്കുന്ന കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു.

സോളിംഗന്‍ നഗരം സ്ഥാപിതമായതിന്റെ 650-ാം വാര്‍ഷികാഘോഷം നടക്കുന്നതിനിടെയാണ് വെള്ളിയാഴ്ച്ച കത്തിയാക്രമണം ഉണ്ടായത്. കൂട്ടക്കൊലയില്‍ മൂന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് അനുയായിയെന്ന് സംശയിക്കുന്ന ഇസ അല്‍ എച്ച് എന്ന 26കാരനാണ് കത്തിയാക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നാലെ രക്തം പുരണ്ട വസ്ത്രങ്ങളുമായി യുവാവ് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. സിറിയന്‍ പൗരനായ യുവാവ് 2022ലാണ് സിറിയയിലെ കലാപ അന്തരീക്ഷത്തില്‍ നിന്ന് ജര്‍മനിയില്‍ എത്തിയത്. തന്റെ
തീവ്ര വിശ്വാസത്തെ അടിസ്ഥാനമാക്കി, കഴിയുന്നത്ര 'അവിശ്വാസി'കളെ കൊല്ലാനാണ് പ്രതി ലക്ഷ്യമിട്ടിരുന്നത്. ആക്രമണത്തെക്കുറിച്ച് നേരത്തെ അറിവുണ്ടായിരുന്ന 15കാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആക്രമണം ജര്‍മ്മനിയില്‍ നടന്നുകൊണ്ടിരിക്കുന്ന കുടിയേറ്റ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വലതുപക്ഷ പാര്‍ട്ടികള്‍ ഈ സംഭവം ഉയര്‍ത്തിപ്പിടിക്കുമെന്നും ഉറപ്പായി. ചില രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കുന്നത് അവസാനിപ്പിക്കുന്നതിനുള്ള ആഹ്വാനമുള്‍പ്പെടെ ഉയര്‍ന്നുവരുന്നുണ്ട്.

അനധികൃത കുടിയേറ്റം, തീവ്രവാദം, കത്തി നിയന്ത്രണം, ഇസ്ലാമിക പ്രത്യയശാസ്ത്രം എന്നീ വിഷയങ്ങളിലെ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും.

സംഭവസ്ഥലം സന്ദര്‍ശിച്ച ഷോള്‍സ് പൊതുസ്ഥലത്ത് ആയുധങ്ങളുടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനെ പിന്തുണച്ചു. സംഭവത്തെ തീവ്രവാദ ആക്രമണമെന്നും വിശേഷിപ്പിച്ചു. കടുത്ത രോഷത്തോടെയാണ് അദ്ദേഹം പ്രതികരിച്ചത്. അഭയാര്‍ത്ഥി അപേക്ഷകള്‍ നിരസിക്കപ്പെട്ട വ്യക്തികളെ നാടുകടത്തുന്നത് വേഗത്തിലാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നടപടികളുടെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

അക്രമിയുടെ അപേക്ഷ നേരത്തെ നിരസിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ബള്‍ഗേറിയയിലേക്ക് നാടുകടത്തപ്പെടേണ്ടതായിരുന്നു. എന്നാല്‍ അധികാരികള്‍ക്ക് വീഴ്ച്ച സംഭവിച്ചതായി ഷോള്‍സ് സമ്മതിച്ചു. കൂടുതല്‍ കാര്യക്ഷമമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

കത്തി ആക്രമണങ്ങളില്‍ വര്‍ധനയുണ്ടാകുന്ന സാഹചര്യത്തില്‍ പൊതുസ്ഥലത്ത് അനുവദിക്കുന്ന കത്തികളുടെ കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് ആഭ്യന്തര മന്ത്രാലയവും നിര്‍ദേശിച്ചിരുന്നു.

പ്രതികരിച്ച് കത്തോലിക്ക സഭാ നേതാക്കള്‍

'സോളിംഗനില്‍ മനുഷ്യജീവനുകള്‍ക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണം തന്നെ അങ്ങേയറ്റം ദുഃഖിപ്പിക്കുന്നതായി കൊളോണ്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ റെയ്നര്‍ മരിയ വോല്‍ക്കി, പ്രസ്താവനയില്‍ പറഞ്ഞു. അതീവ ദുഷ്‌കരമായ ഈ സമയത്ത് ആക്രമണത്തിന്റെ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. സമാധാനപരമായ ആഘോഷത്തിനായി ഒത്തുചേര്‍ന്ന സോളിംഗനിലെ ജനങ്ങളുടെ മാനസികാവസ്ഥയെക്കുറിച്ചാണ് താന്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊളോണ്‍ അതിരൂപതയില്‍ ഉള്‍പ്പെടുന്നതാണ് സോളിംഗന്‍ നഗരം.

ജര്‍മ്മന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് ബിഷപ്പ് ജോര്‍ജ് ബാറ്റ്സിങ്ങും ആക്രമണത്തെ അപലപിച്ചു. ജര്‍മ്മനിയിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പില്‍ വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമികവല്‍കരണത്തിനെതിരേ ജൂത നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

ദുഃഖം തളംകെട്ടി നില്‍ക്കുന്ന ഈ സമയത്ത് ആക്രമണം രാഷ്ട്രീയ ആയുധമാക്കുന്നതില്‍ തനിക്ക് ആശങ്കയുണ്ടെന്ന് സോളിംഗനിലെ കത്തോലിക്കാ പുരോഹിതനായ ഫാ. മൈക്കല്‍ മൊഹര്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

അനധികൃത കുടിയേറ്റത്തെ ശക്തമായി എതിര്‍ക്കുന്ന ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി എന്ന വലതുപക്ഷ പാര്‍ട്ടി ജര്‍മ്മനിയെ അതിന്റെ പരമ്പരാഗത സ്വഭാവത്തില്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഇവരുടെ സ്വാധീനം വര്‍ധിക്കുന്നുണ്ട്. രാജ്യ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന ആളുകള്‍ക്ക് പകരം വിവിധ മേഖലകളില്‍ കഴിവുള്ള ആളുകള്‍ക്ക് കുടിയേറ്റത്തിനുള്ള അവസരം നല്‍കണമെന്ന നിലപാടാണ് പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്നത്. കൂടാതെ ക്രിമിനല്‍ പശ്ചാത്തലം ഉള്ള കുടിയേറ്റക്കാരെ രാജ്യത്തുനിന്ന് പുറത്താക്കണമെന്നും ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി ആവശ്യപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.