കേസില്‍ പ്രതി ആയതിന്റെ പേരില്‍ എങ്ങനെ അയാളുടെ വീട് പൊളിക്കാന്‍ കഴിയും?.. ഭരണകൂടത്തിന്റെ 'ബുള്‍ഡോസര്‍ നീതി'ക്കെതിരെ സുപ്രീം കോടതി

കേസില്‍ പ്രതി ആയതിന്റെ പേരില്‍ എങ്ങനെ അയാളുടെ വീട് പൊളിക്കാന്‍ കഴിയും?.. ഭരണകൂടത്തിന്റെ 'ബുള്‍ഡോസര്‍ നീതി'ക്കെതിരെ സുപ്രീം കോടതി

ന്യൂഡല്‍ഹി: ഒരു വ്യക്തി കുറ്റവാളിയോ ക്രിമിനല്‍ കേസിലെ പ്രതിയോ ആയതു കൊണ്ട് മാത്രം എങ്ങനെ അയാളുടെ വീട് പൊളിക്കാന്‍ കഴിയുമെന്ന് സുപ്രീം കോടതി. ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും ചില കേസില്‍ കുറ്റവാളിയായവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തിയതിനെ വിമര്‍ശിച്ചാണ് കോടതി ഈ ചോദ്യം ഉന്നയിച്ചത്.

ഡല്‍ഹിയിലെ ജഹാംഗീര്‍ പുരിയിലെ പൊളിക്കല്‍ നടപടിയില്‍ ഹര്‍ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ രാജ്യത്തുടനീളം 'ബുള്‍ഡോസര്‍ നീതി' നടപ്പാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഉത്തരവിറക്കണമെന്ന് കോടതിയോടഭ്യര്‍ഥിച്ചു.

പ്രതി ക്രിമിനല്‍ കുറ്റത്തില്‍ ഉള്‍പ്പെട്ടു എന്നതിനാല്‍ സ്ഥാവര വസ്തുക്കളൊന്നും പൊളിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് കെ.വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചിനെ അഭിസംബോധന ചെയ്ത് സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ തുഷാര്‍ മേത്ത അറിയിച്ചു. നിര്‍മാണം നിയമ വിരുദ്ധമാണെങ്കില്‍ മാത്രമേ അത്തരം പൊളിക്കല്‍ നടക്കൂവെന്നും എന്നാല്‍ വിഷയം കോടതിക്ക് മുന്നില്‍ തെറ്റായി അവതരിപ്പിക്കുകയാണെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.

നിങ്ങള്‍ ഇത് അംഗീകരിക്കുകയാണെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. അവന്‍ ഒരു ശല്യക്കാരനോ കുറ്റവാളിയോ ആയതുകൊണ്ട് മാത്രം എങ്ങനെ വീട് പൊളിക്കാന്‍ കഴിയുമെന്ന് ജസ്റ്റിസ് ഗവായ് ചോദിച്ചു.

നിര്‍മാണം അനധികൃതമാണെങ്കില്‍ പിഴ കാര്യക്ഷമമാക്കേണ്ടതുണ്ട്. ഞങ്ങളതിന് ഒരു നടപടിക്രമം തയാറാക്കും. മുനിസിപ്പല്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ മാത്രമേ പൊളിക്കുകയുള്ളൂവെന്ന് നിങ്ങള്‍ പറയുന്നു. അതിനാല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ആവശ്യമാണെന്നും അത് രേഖപ്പെടുത്തേണ്ടതുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു.

എന്തുകൊണ്ടാണ് ഇത്തരം കേസുകളില്‍ പൊളിക്കാന്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതെന്ന് ജസ്റ്റിസ് വിശ്വനാഥന്‍ ചോദിച്ചു. ആദ്യം നോട്ടീസ് നല്‍കുക, ഉത്തരം നല്‍കാന്‍ സമയം നല്‍കുക, നിയമപരമായ പരിഹാരങ്ങള്‍ തേടാന്‍ സമയം നല്‍കുക, തുടര്‍ന്ന് പൊളിക്കുക എന്നിങ്ങനെയാണ് വേണ്ടതെന്നും അദേഹം പറഞ്ഞു.

ഇതിലൂടെ അനധികൃത നിര്‍മാണത്തെ പ്രതിരോധിക്കുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ക്ഷേത്രം ഉള്‍പ്പടെ പൊതു റോഡുകളെ തടസപ്പെടുത്തുന്ന ഒരു നിയമവിരുദ്ധ ഘടനയും തങ്ങള്‍ സംരക്ഷിക്കില്ല. പക്ഷേ പൊളിക്കുന്നതിന് മാര്‍ഗ നിര്‍ദേശങ്ങള്‍ ഉണ്ടായിരിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.

ക്രിമിനല്‍ കേസുകളിലെ പ്രതികളുടെ വീടുകള്‍ പൊളിച്ചതിനെ തുടര്‍ന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും 'ബുള്‍ഡോസര്‍ നീതി' എന്ന പ്രയോഗം വളരെ സാധാരണമായിരുന്നു. ഒരു വ്യക്തിക്കെതിരായ ആരോപണം തെളിയിക്കപ്പെടുന്നതിന് മുമ്പുതന്നെ എങ്ങനെ നടപടിയെടുക്കുമെന്ന് പലരും ചോദ്യം ചെയ്തതോടെ 'ബുള്‍ഡോസര്‍ നീതി' ശക്തമായ വിമര്‍ശനത്തിന് വിധേയമായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.