എ.കെ ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിന് മന്ത്രി സ്ഥാനം നല്‍കാന്‍ എന്‍സിപിയില്‍ ധാരണയായതായി സൂചന

എ.കെ ശശീന്ദ്രനെ മാറ്റി  തോമസ് കെ. തോമസിന് മന്ത്രി സ്ഥാനം നല്‍കാന്‍ എന്‍സിപിയില്‍ ധാരണയായതായി സൂചന

കൊച്ചി: എ.കെ.ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസിന് പദവി നല്‍കാന്‍ എന്‍സിപിയില്‍ ധാരണയായതായി സൂചന.

വര്‍ഷങ്ങളായി ഒരാള്‍ തന്നെ പദവിയില്‍ തുടരേണ്ടതില്ല എന്നാണ് പാര്‍ട്ടി തീരുമാനം. കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് വ്യക്തമായാല്‍ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവെക്കും. ഇതിന് മുഖ്യമന്ത്രി സമ്മതിച്ചതായാണ് സൂചനകള്‍.

പി.സി ചാക്കോ ഉള്‍പ്പെടെയുള്ളവര്‍ തീരുമാനത്തെ അനുകൂലിച്ചതായി എന്‍സിപി വൃത്തങ്ങള്‍ അറിയിച്ചു. ഇതു സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നിരുന്നു. ദേശീയ നേതൃത്വത്തെ വിവരമറിയിച്ചതായും ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ അനുമതിക്കായി കാക്കുകയാണെന്നും നേതാക്കള്‍ പറയുന്നു.

അതേസമയം വിഷയത്തില്‍ ഔദ്യോഗികമായി ഒരു അറിയിപ്പും ദേശീയ അധ്യക്ഷനോ സംസ്ഥാന അധ്യക്ഷനോ നല്‍കിയിട്ടില്ലെന്ന് തോമസ് കെ. തോമസ് പറഞ്ഞു. പാര്‍ട്ടിയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍, ഔദ്യോഗികമായി വിവരം ലഭിക്കാത്ത പക്ഷം പ്രതികരിക്കാനാകില്ലെന്നും അദേഹം വ്യക്തമാക്കി.

എന്‍സിപിയിലെ രണ്ട് എംഎല്‍എമാരും രണ്ടര വര്‍ഷം വീതം മന്ത്രി സ്ഥാനം പങ്കിടണമെന്ന് 2021 ലെ തിരഞ്ഞെടുപ്പിന് ശേഷം തോമസ് കെ. തോമസ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല.

അതിനിടെ കോണ്‍ഗ്രസില്‍ നിന്ന് പി.സി ചാക്കോയെത്തി എന്‍സിപി സംസ്ഥാന പ്രസിഡന്റായി. മന്ത്രിസ്ഥാനം പങ്ക് വെക്കുന്നതിനെക്കുറിച്ച് കരാറൊന്നുമില്ലെന്നായിരുന്നു നേരത്തെ ചാക്കോയുടെ നിലപാട്. എന്നാല്‍, ഇക്കാര്യത്തില്‍ തോമസ് കെ. തോമസ് അസംതൃപ്തനായിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ് വരുന്ന ഘട്ടത്തില്‍ വഴക്കുമായി മുന്നോട്ട് പോകാനാകില്ലെന്ന ചിന്തയിലാണ് മന്ത്രി മാറ്റത്തിന് നേതൃത്വം തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.