കടപ്ലാമറ്റം: ദിവ്യകാരുണ്യഭക്തി, പ്രാര്‍ത്ഥന, ദീനാനുകമ്പ എന്നീ പുണ്യങ്ങളിലൂടെ വിശുദ്ധ ജീവിതം നയിച്ച കുട്ടന്‍തറപ്പേല്‍ യൗസേപ്പച്ചന്റെ 67-ാം ചരമവാര്‍ഷികവും ശ്രാദ്ധ സദ്യയും സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ച കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയില്‍ നടത്തപ്പെടും.
കടപ്ലാമറ്റം ഇടവകയില്‍ കുട്ടന്‍തറപ്പേല്‍ കുടുംബത്തില്‍ കുര്യാക്കോ വെന്മേന ദമ്പതികളുടെ അഞ്ച് മക്കളില്‍ നാലാമനായി 1883 മാര്‍ച്ച് 25 നാണ് യൗസേപ്പച്ചന്റെ ജനനം. 1883 ഏപ്രില്‍ രണ്ടിന് കടപ്ലാമറ്റം പള്ളിയില്‍വച്ചാണ് ജ്ഞാനസ്‌നാനം സ്വീകരിച്ചത്. ബാല്യത്തില്‍ തന്നെ മാതാവിനെ നഷ്ടപ്പെട്ട അച്ചന്‍ ഒരു നാട്ടാശാന്റെ കളരിയില്‍ വിദ്യാഭ്യാസം ആരംഭിക്കുകയും തുടര്‍ വിദ്യാഭ്യാസത്തിന് ശേഷം ഒരു വൈദികനാകാനുള്ള ആഗ്രഹത്താല്‍ സെമിനാരിയില്‍ ചേരുകയും ചെയ്തു.
1915 ഡിസംബര്‍ 26 ന് അഭിവന്ദ്യ തോമസ് കുര്യാളശേരി പിതാവില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു. കടപ്ലാമറ്റം ഇടവകയിലെ ശുശ്രൂഷയ്ക്ക് ശേഷം അതിരൂപതയിലെ വിവിധ പള്ളികളില്‍ സേവനമനുഷ്ഠിച്ച അച്ചന്‍ ലാളിത്യത്തിന്റെയും വിശുദ്ധ കുര്‍ബാനയോടുള്ള ഭക്തിയുടെയും മരിയ ഭക്തിയുടെയും വലിയ ഒരു സാക്ഷ്യമായിരുന്നു.
കുമ്മണ്ണൂര്‍-കടപ്ലാമറ്റം റോഡിന്റെ നിര്‍മാണത്തില്‍ ബഹു. കുട്ടന്‍തറപ്പേലച്ചന്റെ പങ്ക് വളരെ വലുതാണ്. ഇട്ടിയേപ്പാറ (മാറിയിടം) സെന്റ് മേരിസ് എല്‍.പി സ്‌കൂള്‍, മാനേജ്‌മെന്റ് ഏറ്റെടുത്ത് നിലനിര്‍ത്തിയതിന്റെ പിന്നിലും അച്ചന്റെ ദീര്‍ഘ വീക്ഷണമാണ്. അച്ചന്റെ ശ്രമഫലമായാണ് കടപ്ലാമറ്റത്ത് ഒരു കന്യാസ്ത്രീമഠം സ്ഥാപിതമായതും.
സ്‌നേഹത്തിലൂടെ സേവനം, പ്രാര്‍ത്ഥനയിലൂടെ സംസ്‌കരണം, എളിമയിലൂടെ ഭരണം എന്നതായിരിക്കണം തന്റെ ജീവിതമന്ത്രം എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. പ്രാര്‍ത്ഥനയോടൊപ്പം ഉപവാസത്തിനും പ്രായശ്ചിത്ത പ്രവൃത്തികള്‍ക്കും കുട്ടന്‍തറപ്പേല്‍ അച്ചന്‍ പ്രഥമസ്ഥാനം നല്‍കിയിരുന്നു. ആരുടെ മുമ്പിലും എളിമപ്പെടാന്‍ അദേഹത്തിന് യാതൊരു മടിയും ഉണ്ടായിരുന്നില്ല.
നാനാജാതിമതസ്ഥരായ അനേകം ആളുകള്‍ ദിനംപ്രതി കടപ്ലാമറ്റം പള്ളിയുടെ ഉള്ളിലുള്ള അദേഹത്തിന്റെ കബറിടത്തിങ്കല്‍ എത്തിച്ചേരുകയും മാധ്യസ്ഥം യാചിക്കുകയും അനുഗ്രഹങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്നു. അദേഹത്തിന്റെ 67-ാം അനുസ്മരണ ദിനമായ സെപ്റ്റംബര്‍ 7-ാം തിയതി ശനിയാഴ്ച രാവിലെ പത്തിന് ചിക്കാഗോ രൂപതയുടെ പ്രഥമമെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയാത്ത് ആഘോഷമായ വി. കുര്‍ബാന അര്‍പ്പിച്ച് അനുസ്മരണ സന്ദേശം നല്‍കും. തുടര്‍ന്ന് കബറിടത്തിങ്കല്‍ ഒപ്പീസും ശ്രാദ്ധ സദ്യയും നടക്കും. ശ്രാദ്ധ സദ്യക്കുള്ള സാധനങ്ങള്‍ ഇടവകക്കാരും നാട്ടുകാരുമായുള്ള നാനാജാതി മതസ്ഥരായ ആളുകളാണ് പള്ളിയില്‍ എത്തിക്കുന്നത്.
പരിപാടികള്‍ക്ക് വികാരി റവ. ഫാ. ജോസഫ് മുളഞ്ഞനാല്‍ അസിസ്റ്റന്റ് വികാരി റവ. ഫാ. ജോണ്‍ കൂറ്റാരപ്പള്ളില്‍ ട്രസ്റ്റിമാരായ തോമസ് ജോസഫ് കൂരയ്ക്കനാല്‍, ഷാജി ജോസ് മുണ്ടുവാങ്കല്‍, മാത്തുക്കുട്ടി തോമസ് പാലാംതട്ടേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.