ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം ഹൈക്കോടതിയിലേക്ക്; തുടര്‍ നടപടികളുടെ വിശദാംശങ്ങളും സര്‍ക്കാര്‍ കൈമാറും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം ഹൈക്കോടതിയിലേക്ക്; തുടര്‍ നടപടികളുടെ വിശദാംശങ്ങളും സര്‍ക്കാര്‍  കൈമാറും

തിരുവനന്തപുരം: മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സെപ്റ്റംബര്‍ ഒന്‍പതിന് മുമ്പ് സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറും.

റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപത്തിന് പുറമെ മൊഴിപ്പകര്‍പ്പുകള്‍, റിപ്പോര്‍ട്ടിന് പിന്നാലെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങള്‍, ഇതിലെ കേസുകള്‍ എന്നിവയും  സര്‍ക്കാര്‍ കോടതി മുമ്പാകെ സമര്‍പ്പിക്കും.

ഓഗസ്റ്റ് 22 നായിരുന്നു റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം കൈമറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ചാണ് നിര്‍ദേശിച്ചിരുന്നത്. നടപടിയെടുത്തില്ലെങ്കില്‍ കമ്മറ്റി രൂപവല്‍കരിച്ചത് പാഴ് വേലയാവുമെന്നും കോടതി നിരീക്ഷിരുന്നു.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി പായിച്ചറ നവാസ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍. കോടതി നിര്‍ദേശത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. റിപ്പോര്‍ട്ട് കോടതിക്ക് കൈമാറുന്നതാണ് ഉചിതമെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതില്‍ പരിമിതി ഉണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ രൂപവല്‍കരിച്ച കമ്മിറ്റിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

രഹസ്യ സ്വഭാവം ഉറപ്പാകുമെന്ന ധാരണയിലാണ് പലരും മൊഴി നല്‍കിയതെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വാദം പൂര്‍ണമായും തള്ളിക്കളയാതെയാണ് റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം മുദ്രവെച്ച കവറില്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്.

റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ചില ഖണ്ഡികകളും പേജുകളും ഒഴിവാക്കിയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒഴിവാക്കിയ വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തിയ പൂര്‍ണ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ സമര്‍പ്പിക്കുക. സര്‍ക്കാരിന് ലഭിച്ച റിപ്പോര്‍ട്ട് എങ്ങനെയായിരുന്നോ അതേപോലെ കോടതിക്ക് നല്‍കും.

പൂര്‍ണ റിപ്പോര്‍ട്ട് കോടതി മുമ്പാകെ വരുന്നതോടെ ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന ഉന്നത വ്യക്തികളേപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേസില്‍ വനിതാ കമ്മീഷനെയും കോടതി കക്ഷി ചേര്‍ത്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.