പ്രളയം നാശം വിതച്ച ആന്ധ്രാപ്രദേശില്‍ സഹായവുമായി വിജയവാഡ രൂപത

പ്രളയം നാശം വിതച്ച ആന്ധ്രാപ്രദേശില്‍ സഹായവുമായി വിജയവാഡ രൂപത

ഹൈദരാബാദ്: ആന്ധ്രയിലേയും തെലങ്കാനയിലേയും പ്രളയക്കെടുതിയില്‍ 33 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തെലങ്കാനയില്‍ 16 ഉം ആന്ധ്രപ്രദേശില്‍ 17 ഉം പേര്‍ മരണപ്പെട്ടതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം വിജയവാഡ രൂപത ആന്ധ്രപ്രദേശിലെ ദുരിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.

വിജയവാഡ രൂപതയില്‍ 98 ഇടവകകളാണുള്ളത്. അതില്‍ 13 ഇടവകകളെ ദുരിതം ബാധിച്ചു. ദുരന്ത മേഖലകളില്‍ തങ്ങളുടെ സന്നദ്ധപ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെന്ന് രൂപതയുടെ സോഷ്യല്‍ സര്‍വീസ് സെന്റര്‍ (എസ്.എസ്.സി) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ സുനില്‍ രാജു തോട്ട വ്യക്തമാക്കി. സെപ്റ്റംബര്‍ നാലിന് രണ്ട് ക്രൈസ്തവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടെന്ന് ഫാദര്‍ യുസിഎ ന്യൂസിനോട് പറഞ്ഞു.

ദുരന്ത മേഖലകളില്‍ സാനിറ്ററി കിറ്റുകള്‍, ഡ്രൈ-റേഷന്‍ കിറ്റുകള്‍, ബ്ലാങ്കറ്റുകള്‍, ടവ്വലുകള്‍, പഠനോപകരണങ്ങള്‍, എമര്‍ജന്‍സി മരുന്നുകള്‍, കുടിവെള്ളം, പാല്‍, ഭക്ഷണ പാക്കറ്റുകള്‍ എന്നിവ വിതരണം ചെയ്യുകയും ചെയ്തു. കഴിഞ്ഞ 10 വര്‍ഷമായി വോളണ്ടിയര്‍മാരായി സേവനം അനുഷ്ഠിക്കുന്ന ശക്തമായ വനിതാ കൂട്ടായ്മകളുള്ള രൂപതയുടെ പ്രാഥമിക കണക്കനുസരിച്ച് 2,000 ത്തിലധികം കുടുംബങ്ങള്‍ക്ക് അടിയന്തര ദുരിതാശ്വാസ സാമഗ്രികള്‍ ആവശ്യമാണെന്നും സംഘം വ്യക്തമാക്കി.

ആന്ധ്രപ്രദേശില്‍ മാത്രം 4.15 ലക്ഷം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. 163 ദുരിതാശ്വാസ ക്യാമ്പുകളിലായി 43,417 പേരെ മാറ്റിപാര്‍പ്പിച്ചു. സെപ്റ്റംബര്‍ ഏഴ് വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവര്‍ കഴിഞ്ഞ ദിവസം ദുരന്ത മേഖല സന്ദര്‍ശിച്ചിരുന്നു. കനത്ത മഴയിലുണ്ടായ വെള്ളപ്പൊക്കമാണ് മരണസംഖ്യ ഉയരാന്‍ കാരണം. നിരവധി പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.