നിയന്ത്രണം വിട്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് വൻ ദുരന്തം; യുഎസിൽ അഞ്ച് മരണം

നിയന്ത്രണം വിട്ട്  വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് വൻ ദുരന്തം; യുഎസിൽ അഞ്ച് മരണം

ഫോർട്ട് വർത്ത്(ടെക്സാസ് ): ടെക്സസ് നഗരമായ ഫോട്ട് വത്തിലെ ഹൈവേയിൽ നൂറോളം വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുഎസിൽ അഞ്ചു മരണം. കനത്ത മഞ്ഞ് കാറ്റിനെത്തുടർന്നുണ്ടായ മഴയും ആലിപ്പഴ വർഷവുമാണ് അപകടത്തിനു കാരണമായത്.


വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ ആറോടെയായിരുന്നു അപകടത്തിന്റെ തുടക്കം. പരുക്കേറ്റവരുടെയും മരിച്ചവരുടെയും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഫോട്ട് വത്ത് പൊലീസ് അറിയിച്ചു.  രക്ഷാപ്രവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ മുപ്പതോളം പേരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. ചിലരുടെ നില ഗുരുതരമാണ്. നിരവധിപേർ വാഹനങ്ങളിൽ കുടുങ്ങിക്കിടന്നു. വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് പലരെയും പുറത്തെത്തിച്ചത്. സമീപത്തെ ആശുപത്രികളിലേക്ക് എത്തുന്നവരുടെ എണ്ണവും കൂടുകയാണെന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ അറിയിച്ചു.


കൂറ്റൻ ട്രക്കുകളും കാറുകളും എസ്‌യുവികളും ചെറുവാഹനങ്ങളുമെല്ലാം കൂട്ടിയിടിച്ചു കിടക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ചില വാഹനങ്ങൾ മറ്റു വാഹനങ്ങളുടെ മുകളിലേക്ക് ഇടിച്ചു കയറിയ നിലയിലാണ്. റോഡിലെ ബാരിയറുകളിലേക്കും ഡിവൈഡറുകളിലേക്കും വാഹനങ്ങൾ ഇടിച്ചു കയറി. നിർത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി മീറ്ററുകളോളം പായുന്ന വാഹനങ്ങളിൽനിന്ന് സഹായത്തിനായി നിലവിളിക്കുന്നവരുടെ ദൃശ്യങ്ങളും പുറത്തുവന്നു. കനത്ത മഞ്ഞിൽ റോഡുകളിൽ വാഹനങ്ങൾ തെന്നിനീങ്ങുകയായിരുന്നു. 


പ്രദേശത്തുണ്ടായ ഏറ്റവും വലിയ വാഹനാപകടങ്ങളിലൊന്നാണ് ഇതെന്നും പ്രദേശവാസികൾ പറയുന്നു. രാവിലെ മുതൽ മഞ്ഞിനോടൊപ്പം പ്രദേശത്ത് കനത്ത മഴയുമുണ്ടായിരുന്നു. അഗ്നിരക്ഷാസേനയുടെ ഇരുപതോളം യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. ടെക്സസിലെ മറ്റൊരു നഗരമായ ഓസ്റ്റിനിലും മഞ്ഞു വീണ് തെന്നിക്കിടന്നിരുന്ന റോഡിൽ രണ്ടു ഡസനോളം വാഹനങ്ങൾ കൂട്ടിയിടിച്ചു. ഒരാൾക്കു പരുക്കുപറ്റി.

യുഎസിന്റെ പല ഭാഗങ്ങളിലും കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. കെന്റക്കിയിലും വെസ്റ്റ് വിർജീനിയയിലും ഉൾപ്പെടെ പലയിടത്തും വൈദ്യുതബന്ധം തടസ്സപ്പെട്ടു. ഏകദേശം 1.25 ലക്ഷം വീടുകളിലും കമ്പനികളിലും വെള്ളിയാഴ്ച വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടെന്നും അധികൃതർ അറിയിച്ചു. സർക്കാർ സ്ഥാപനങ്ങളെല്ലാം അവിടെ അടച്ചിട്ടിരിക്കുകയാണ്. കെന്റക്കിയിൽ കനത്ത മഞ്ഞിനെത്തുടർന്നു ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.