സിംഗപ്പൂര്‍ സിറ്റി: സുദീര്‍ഘമായ അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ അവസാന വേദിയായ സിംഗപ്പൂരില്‍ എത്തിച്ചേര്‍ന്ന ഫ്രാന്‍സിസ് പാപ്പയെ കാത്തിരിക്കുന്നത് തിരക്കേറിയ രണ്ടു ദിനങ്ങള്‍. ബുധനാഴ്ച കിഴക്കന്‍ ടിമോറില്‍നിന്നു ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ യാത്ര തിരിച്ച മാര്‍പാപ്പ സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തില്‍ പ്രാദേശിക സമയം ഉച്ചകഴിഞ്ഞാണ് എത്തിയത്. സിംഗപ്പൂരിന്റെ സാംസ്‌കാരിക-യുവജനകാര്യക്ഷേമ വകുപ്പ് മന്ത്രി എഡ്വിന്‍ ടോങ്ങും സ്‌കൂള്‍ വിദ്യാര്‍ഥികളും വത്തിക്കാനിലെ സിംഗപ്പൂരിന്റെ നോണ്‍ റസിഡന്‍ഷല്‍ അംബാസഡര്‍ ജാനറ്റ് ആംഗും ചേര്‍ന്ന് പാപ്പയെ പൂക്കള്‍ നല്‍കി സ്വീകരിച്ചു.
ഐക്യവും പ്രത്യാശയുമാണ് പാപ്പായുടെ സിംഗപ്പൂര്‍ സന്ദര്‍ശനത്തിന്റെ മുദ്രാവാക്യം. മാര്‍പാപ്പയ്ക്കു സ്വാഗതമോതി ആയിരത്തോളം കത്തോലിക്കാ വിശ്വാസികള്‍ നേരത്തേതന്നെ വിമാനത്താവള പരിസരത്തുണ്ടായിരുന്നു. വത്തിക്കാന്‍ പതാകയിലെ മഞ്ഞയും വെള്ളയും നിറങ്ങളുള്ള വസ്ത്രമാണ് പലരും ധരിച്ചിരുന്നത്.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 45-ാം അപ്പസ്‌തോലിക പര്യടനത്തിന്റെ അവസാന ഘട്ടമാണ് സിംഗപ്പുര്‍ സന്ദര്‍ശനം. 1986ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ അഞ്ച് മണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തിനുശേഷം ഒരു മാര്‍പാപ്പ സിംഗപ്പൂരിലെത്തുന്നത് ഇതാദ്യമാണ്.
ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ ഈശോ സഭാംഗങ്ങളുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ പ്രസിഡന്റ് തര്‍മന്‍ ഷണ്‍മുഖരത്‌നം, പ്രധാനമന്ത്രി ലോറന്‍സ് വോങ്, മുന്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂങ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്കു ശേഷം നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പുരില്‍ പ്രഭാഷണം. അതിനു ശേഷം നാഷണല്‍ സ്റ്റേഡിയത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ 50,000 പേര്‍ പങ്കെടുക്കും.
നാളെ സെന്റ് തെരേസാസ് ഹോമിലെ വയോധികരുമായും രോഗാതുരരുമായും കൂടിക്കാഴ്ച നടത്തുകയും ജൂണിയര്‍ കാത്തലിക് കോളജിലെ വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന മതാന്തരസംവാദത്തില്‍ പങ്കെടുക്കുകയും ചെയ്യും. ഉച്ചയോടെ റോമിലേക്കു മടങ്ങാന്‍ വിമാനത്തില്‍ കയറും.
ബുദ്ധമതം പ്രധാനമായുള്ള രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ 18% ക്രൈസ്തവരും 3.5% കത്തോലിക്കാരുമാണുള്ളത്. ഇന്തോനേഷ്യ, പാപ്പുവ ന്യൂഗിനിയ, കിഴക്കന്‍ ടിമോര്‍ എന്നീ രാജ്യങ്ങള്‍ നേരത്തേ സന്ദര്‍ശിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.