ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ ബുള്‍ഡോസര്‍ രാജ് നിര്‍ത്തി വെക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ഒക്ടോബര്‍ ഒന്ന് വരെ ഇത്തരം പൊളിക്കല്‍ നടപടികള്‍ സുപ്രീം കോടതി വിലക്കി. പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഒന്നും ഇടിഞ്ഞു വീഴില്ലെന്ന് കോടതി ഓര്‍മ്മപ്പെടുത്തി.
കുറ്റാരോപിതരായ വ്യക്തികളുടെ കെട്ടിടങ്ങള്‍ ശിക്ഷാ നടപടിയുടെ ഭാഗമായി പൊളിച്ചു നീക്കുന്ന വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ക്കെതിരെയുള്ള ഹര്‍ജികളിലാണ് കോടതി ഉത്തരവ്. ജഹാംഗീര്‍ പുരിയിലെ പൊളിക്കലിനെതിരെ സിപിഎം നേതാവ് വൃന്ദാ കാരാട്ട് നല്‍കിയ ഹര്‍ജികള്‍ ഉള്‍പ്പെടെ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം.
വിവിധ സംസ്ഥാനങ്ങളിലെ ബുള്‍ഡോസര്‍ രാജിനെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീം കോടതി അനുവാദം ഇല്ലാതെ കുറ്റാരോപിതരുടെ വീടുകളും മറ്റു വസ്തുക്കളും പൊളിക്കാന്‍ പാടില്ലെന്നും പറഞ്ഞു. അതേസമയം പൊതു റോഡുകള്‍, നടപ്പാതകള്‍, റെയില്‍വേ ലൈനുകള്‍, ജലാശയങ്ങള്‍ എന്നിവയിലെ കൈയേറ്റങ്ങള്‍ക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി.
നേരത്തെയും ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. കുറ്റാരോപിതനായാലും കുറ്റക്കാരനായാലും വീട് തകര്‍ക്കരുതെന്ന് കോടതി അറിയിച്ചിരുന്നു. ബുള്‍ഡോസര്‍ രാജില്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കുമെന്നും ഏതെങ്കിലും കേസില്‍ പ്രതിയായതുകൊണ്ട് മാത്രം കുറ്റാരോപിതരുടെ കെട്ടിടം പൊളിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.