ഹുലുന്‍ബുയര്‍: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് കിരീടം. ഫൈനലില്‍ എതിരാളികളായ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയ കിരീടം നേടിയത്.
ഗോള്‍ രഹിതമായ മൂന്ന് ക്വാര്‍ട്ടറുകള്‍ക്ക് പിന്നാലെ നാലാം ക്വാര്‍ട്ടറിലാണ് ഇന്ത്യ വിജയ ഗോള്‍ നേടിയത്. ജുഗ്രാജ് സിങാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ അഞ്ചാം കിരീടമാണിത്. ആദ്യമായി ഫൈനല്‍ കളിക്കാനിറങ്ങിയ ചൈന നിരാശയോടെ മടങ്ങി.
കന്നിക്കിരീട മോഹവുമായി കലാശപ്പോരിനിറങ്ങിയ ചൈന തുടക്കം മുതല്‍ മികച്ച നീക്കങ്ങള്‍ നടത്തി. കൗണ്ടര്‍ അറ്റാക്കുകളുമായി ചൈന ആദ്യ ക്വാര്‍ട്ടറില്‍ കളം നിറഞ്ഞു. മറുവശത്ത് ഇന്ത്യയ്ക്ക് ലഭിച്ച രണ്ട് പെനാല്‍റ്റി കോര്‍ണറുകള്‍ മുതലാക്കാനായില്ല.
ആദ്യ ക്വാര്‍ട്ടര്‍ ഗോള്‍ രഹിതമായിരുന്നു. രണ്ടാം ക്വാര്‍ട്ടറില്‍ ഉണര്‍ന്ന് കളിച്ച ഇന്ത്യ ചൈനീസ് ഗോള്‍മുഖം വിറപ്പിച്ചു. എന്നാല്‍ ചൈനീസ് പ്രതിരോധം ശക്തമായി നിന്നതോടെ ഗോള്‍ ശ്രമം വിഫലമായി.
പൊസഷനില്‍ മുന്നിട്ടു നിന്നെങ്കിലും ഇന്ത്യയ്ക്ക് ഗോള്‍ നേടാനായില്ല. അങ്ങനെ രണ്ടാം ക്വാര്‍ട്ടറും ഗോള്‍ രഹിതമായി അവസാനിച്ചു. ആദ്യ പകുതിയില്‍ നാല് പെനാല്‍റ്റി കോര്‍ണറുകളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ചൈനയ്ക്ക് ഒന്നും.
എന്നാല്‍ ടീമുകള്‍ക്ക് ഇത് ലക്ഷ്യത്തിലെത്തിക്കാനായില്ല. മൂന്നാം ക്വാര്‍ട്ടറിലും സമാനമായിരുന്നു. നിരവധി അവസരങ്ങള്‍ ഇരുടീമുകളും സൃഷ്ടിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.
എന്നാല്‍ നാലാം ക്വാര്‍ട്ടറില്‍ കളി മാറി. ജയത്തിനായി ആക്രമിച്ചു കളിച്ച ഇന്ത്യ 51-ാം മിനിറ്റില്‍ മുന്നിലെത്തി. ജുഗ്രാജ് സിങ്ങാണ് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്. പിന്നാലെ തിരിച്ചടിക്കാനുള്ള ചൈനീസ് ശ്രമങ്ങളെ വിദഗ്ദമായി പ്രതിരോധിച്ചതോടെ ഇന്ത്യ അഞ്ചാം പ്രാവശ്യവും കിരീടം സ്വന്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.