ഇനി ജനങ്ങള്‍ക്കൊപ്പം: മുഖ്യമന്ത്രിക്കൊപ്പമുള്ള കവര്‍ ചിത്രം നീക്കി പി.വി അന്‍വര്‍

ഇനി ജനങ്ങള്‍ക്കൊപ്പം: മുഖ്യമന്ത്രിക്കൊപ്പമുള്ള കവര്‍ ചിത്രം നീക്കി പി.വി അന്‍വര്‍

നിലമ്പൂര്‍: വിവാദങ്ങള്‍ക്കിടെ ഫെയ്‌സ്ബുക്കില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കവര്‍ ചിത്രം നീക്കി നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രത്തിന് പകരം ജനങ്ങള്‍ക്കൊപ്പമുള്ള ചിത്രമാണ് അന്‍വര്‍ പങ്കുവച്ചത്. നേരത്തെ മുഖ്യമന്ത്രിയെ അനുഗമിച്ച് വേദിയിലേക്ക് കയറുന്ന ഫോട്ടോയാണ് കവര്‍ ചിത്രമായി നല്‍കിയിരുന്നത്.

സിപിഎം സെക്രട്ടേറിയറ്റിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അന്‍വര്‍ പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നതായി വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് കവര്‍ ചിത്രം മാറ്റിയത്. നിരവധി പേരാണ് ചിത്രത്തിന് താഴെ അന്‍വറിന് പിന്തുണ അറിയിച്ച് കമന്റുമായി വന്നത്.

എഡിജിപി എം.ആര്‍ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരെയായിരുന്നു അന്‍വറിന്റെ ആരോപണം. എന്നാല്‍ പി. ശശിയെ പിന്തുണച്ചുകൊണ്ട് മുഖ്യമന്ത്രി പരസ്യമായി രംഗത്തെത്തി. കോണ്‍ഗ്രസ് പശ്ചാത്തലമുള്ള ആളാണ് അന്‍വര്‍ എന്നു പറഞ്ഞ മുഖ്യമന്ത്രി, അന്‍വറിന് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന പരോക്ഷ സൂചനയും നല്‍കിയിരുന്നു. പാര്‍ട്ടിക്കുള്ളിലോ തന്റെ മുന്നിലോ അവതരിപ്പിക്കാതെ ആരോപണങ്ങളുമായി അന്‍വര്‍ നേരിട്ടു മാധ്യമങ്ങളെ കണ്ടതിലും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ഇതിന് മറുപടിയുമായി അന്‍വര്‍ രംഗത്തെത്തിയതിന് പിന്നാലെ അന്‍വറിനെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പും ഇറക്കി. ഇതോടെ പാര്‍ട്ടി നിര്‍ദേശം ശിരസാ വഹിക്കുന്നുവെന്ന് അന്‍വര്‍ വ്യക്തമാക്കുകയും താന്‍ പാര്‍ട്ടി വിടില്ലെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.