ഷിരൂരിലെ തിരച്ചിലിനിടെ ഇന്ന് ലോറിയുടെ ബമ്പറും കയറും കണ്ടെത്തി; അര്‍ജുന്‍ ഓടിച്ച ലോറിയുടേതെന്ന് ഉടമ മനാഫ്

 ഷിരൂരിലെ തിരച്ചിലിനിടെ ഇന്ന് ലോറിയുടെ ബമ്പറും കയറും കണ്ടെത്തി; അര്‍ജുന്‍ ഓടിച്ച ലോറിയുടേതെന്ന് ഉടമ മനാഫ്

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ ഗംഗാവലി പുഴയില്‍ നിന്ന് ലോറിയുടെ ബമ്പര്‍, കയറിന്റെ ഭാഗം എന്നിവ കിട്ടിയതായി റിപ്പോര്‍ട്ട്. ഇവ അര്‍ജുന്‍ ഓടിച്ച ലോറിയുടേത് തന്നെയാണ് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.

നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്ത് നടത്തിയ തിരച്ചിലിനിടെയാണ് ബമ്പറും ഒപ്പം ലോറിയില്‍ കെട്ടിയിരുന്ന കയറും ലഭിച്ചിരിക്കുന്നത്. ഇതിന് പുറമെ ഒരു ബാഗും കിട്ടിയിട്ടുണ്ട്. എന്നാല്‍ ബാഗ് അര്‍ജുന്റേതല്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

അര്‍ജുന്‍ ഓടിച്ച ലോറിയുടെ ഭാഗം തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. പുറകു വശത്തെ ബമ്പറാണ്. ആദ്യം മുതല്‍ അവിടെ തിരയാന്‍ തങ്ങള്‍ പറഞ്ഞിരുന്നു. തിരയുന്നില്ലെങ്കില്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും. കണ്ടെത്തിയ ഭാഗം തിരിച്ചറിയുന്നതിന് അധികൃതര്‍ വിളിച്ചിട്ടുണ്ടന്നും മനാഫ് പറഞ്ഞു.

മണ്ണ് നീക്കാന്‍ കഴിയാത്തതിനാല്‍ അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ ഓഗസ്റ്റ് കഴിഞ്ഞ 17 നാണ് അവസാനിപ്പിച്ചത്. പിന്നീട് ദിവസങ്ങളോളം അനിശ്ചിതാവസ്ഥയിലായിരുന്നു. ഡ്രഡ്ജര്‍ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുകോടി രൂപ ചെലവ് വരുന്നതിനാല്‍ ആര് പണം മുടക്കും എന്നതായിരുന്നു പ്രശ്നം.

പിന്നീട്, കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടതോടെയാണ് തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്. ഡ്രഡ്ജറിന്റെ വാടക ഒരു കോടി രൂപ കര്‍ണാടക സര്‍ക്കാരാണ് വഹിക്കുന്നത്.

അതേസമയം തിരച്ചിലിന് കാലാവസ്ഥ വീണ്ടും വെല്ലുവിളിയാവുകയാണ്. അടുത്ത മൂന്ന് ദിവസം ഉത്തര കന്നഡ ജില്ലയിലും തീരദേശ കര്‍ണാടകയിലെ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നത്.

ഇത് ഷിരൂരിലെ തെരച്ചില്‍ പ്രതിസന്ധിയിലാക്കിയേക്കും. ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചിലിനും തടസമാകും. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് വര്‍ധിച്ചാല്‍ ഡ്രഡ്ജര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും തടസം നേരിടാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.